കലോത്സവം പൂർത്തീകരിക്കാൻ തീരുമാനിച്ച് കേരള സർവകലാശാല; നൃത്ത പരിശീലകർക്ക് മുൻകൂർ ജാമ്യം
കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തിലെ കോഴ വിഷയത്തിൽ നൃത്ത പരിശീലകർക്കു മുൻകൂർ ജാമ്യം. നൃത്ത പരിശീലകരായ ജോമെറ്റ് മൈക്കിൾ, സൂരജ് എന്നിവർക്കാണു ജസ്റ്റിസ് സി.എസ്.ഡയസ് മുൻകൂർജാമ്യം അനുവദിച്ചത്. ചോദ്യം ചെയ്യലിനു ഹാജരാകാൻ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ഇവർക്ക് നോട്ടിസ് നൽകിയിരുന്നു. ഇതോടെയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ചപ്പോൾ കോടതി സർക്കാരിന്റെ പ്രതികരണം ആരാഞ്ഞിരുന്നു.
കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമല്ലെന്നു നിരീക്ഷിച്ചു കൊണ്ടാണു കോടതി ഇരുവർക്കും മുൻകൂർ ജാമ്യം അനുവദിച്ചത്. കേരള സർവകലാശാല കലോത്സവത്തിലെ മാർഗം കളിയുെട ഫലത്തിൽ കൃത്രിമം നടത്തി എന്നാണ് ഇവർക്കെതിരെ റജിസ്റ്റർ ചെയ്തിരിക്കുന്ന കേസ്. കേസിലെ രണ്ടും മൂന്നും പ്രതികളാണു ജോമെറ്റും സൂരജും. ആരോപണത്തിനു പിന്നാലെ ജീവനൊടുക്കിയ മാർഗംകളി വിധികർത്താവ് പി.എൻ.ഷാജി കേസിലെ ഒന്നാം പ്രതിയാണ്. യുവജനോത്സവത്തിൽ മത്സരഫലം അനുകൂലമാക്കുന്നതിനു സഹായിക്കണമെന്ന് ആവശ്യപ്പെട്ടു ചിലർ സമീപിച്ചിരുന്നതായി പി.എൻ.ഷാജിയുടെ കുടുംബം ആരോപിച്ചു. ഷാജി തന്നെയാണ് ഇക്കാര്യം പറഞ്ഞതെന്നു സഹോദരൻ അനിൽകുമാർ വ്യക്തമാക്കി. സംഭവത്തിൽ താൻ നിരപരാധിയാണെന്നും തന്നെ ചിലർ ബലിയാടാക്കുകയായിരുന്നുവെന്നും ഷാജി പറഞ്ഞതായും അനിൽകുമാർ പറഞ്ഞു. അതേസമയം കേരള സർവകലാശാല കലോത്സവം പാതിവഴിയിൽ നിർത്തിയത് പൂർത്തിയാക്കാൻ സർവകലാശാല സിന്റിക്കേറ്റ് തീരുമാനിച്ചു.
കലോത്സവം അലങ്കോലപ്പെടാനുണ്ടായ സംഭവങ്ങൾ അന്വേഷിക്കാൻ കേരള സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി നാലംഗ സമിതിയെ നിയമിച്ചു. സമിതി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം.