പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കാൻ രാഹുൽഗാന്ധിക്കായില്ല; വികസനം സമൂഹത്തിന്റെ എല്ലാ തട്ടുകളിലുമുള്ളവർക്ക് പ്രയോജനപ്പെടണം: ആനി രാജ
മണ്ഡലത്തിലെ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കാൻ എം.പി എന്ന നിലയിൽ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞില്ലെന്ന് വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാർഥി ആനി രാജ പറഞ്ഞു. രാജ്യത്തെ മതവാദ, ഫാസിസ്റ്റ് ശക്തികളിൽനിന്നുരക്ഷിക്കാൻ വോട്ടർമാർ ഇടതുപക്ഷത്തിനൊപ്പം നിൽക്കണമെന്നും ആവശ്യപ്പെട്ടു.
മണ്ഡലത്തിലെ പ്രശ്നങ്ങൾ മനസ്സിലാക്കാനും പരിഹരിക്കാനും കഴിയുന്ന വിധത്തിലാകണം ഓരോ എം.പി.യുടെയും പ്രവർത്തനം. എന്നാൽ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞ അഞ്ച് വർഷവും സ്വന്തം മണ്ഡലത്തെ നോക്കാനായില്ല. വിരലിൽ എണ്ണാവുന്ന ദിവസങ്ങളിൽ മാത്രമായിരുന്നു മണ്ഡലത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യം.
പാർലമെന്റിൽ വയനാടിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കുന്നതിലും പരിഹാരം ഉറപ്പുവരുത്തുന്നതിലും രാഹുൽ ഗാന്ധി പരാജയപ്പെട്ടു. വല്ലപ്പോഴും മാത്രം മണ്ഡലത്തിലെത്തി റോഡ് ഷോ നടത്തുന്നയാളാകരുത് എം.പി.യെന്ന് ഓരോസമ്മതിദായകനും ഉറപ്പുവരുത്തണമെന്നും ആനി രാജ പറഞ്ഞു.
വികസനം സമൂഹത്തിന്റെ എല്ലാ തട്ടുകളിലുമുള്ളവർക്ക് പ്രയോജനപ്പെടണം. എന്നാൽ വികസനം പ്രത്യേക വിഭാഗത്തിൽ മാത്രം ഒതുങ്ങുന്ന വിധത്തിലാണ് ബി.ജെ.പി. സർക്കാരിന്റെ പ്രവർത്തനം.
രാജ്യത്തിന്റെ സ്വത്ത് അടിയറവച്ച് അംബാനി-അദാനിമാരുടെ പ്രീതി പിടിച്ചുപറ്റുന്ന കേന്ദ്ര സർക്കാർ കഴിഞ്ഞ 10 വർഷവും സാധാരണക്കാരന്റെ നെഞ്ചിൽ ചവിട്ടുകയാണ് ചെയ്തത്. ഇതിനോട് ശക്തമായി ഭാഷയിൽ പ്രതികരിക്കാൻ കോൺഗ്രസ് നേതൃത്വത്തിനു കഴിഞ്ഞില്ല. ബി.ജെ.പി. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിലും നടപടികളിലും മൗനം പാലിക്കുകയാണ് കോൺഗ്രസ് നേതൃത്വമെന്നും ആനി രാജ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ആനിരാജ.