'അമൃത് ഫ്യൂഷൻ'; വേൾഡ് ബെസ്റ്റ് വിസ്കി കാറ്റഗറിയിൽ ഇന്ത്യൻ ഉല്പന്നം
‘അമൃത് ഫ്യൂഷൻ’ 2024ലെ ബെസ്റ്റ് വിസ്കി ഗോൾഡ് മെഡൽ നേടി. ലോകോത്തര സ്കോച്ച് വിസ്കി ബ്രാൻഡുകളെ പിന്നാലാക്കിയാണ് ഈ നേട്ടം. ലണ്ടനിൽ നടന്ന ഇൻ്റർനാഷണൽ സ്പിരിറ്റ്സ് ചലഞ്ചിലാണ് ബെംഗളൂരു ആസ്ഥാനമായ അമ്യത് ഡിസ്റ്റിലറീസിൻ്റെ സിംഗിൾ മാൾട്ട് വിസ്കിക്ക് അപൂർവ നേട്ടം ലഭിച്ചത്.
സ്കോട്ട്ലൻ്റ്, അയർലണ്ട്, ജപ്പാൻ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലെ ലോക പ്രശസ്ത ബ്രാൻഡുകളുമായി ഏറ്റുമുട്ടിയാണ് വേൾഡ് ബെസ്റ്റ് വിസ്കി കാറ്റഗറിയിൽ ഇന്ത്യൻ ഉല്പന്നം ഈ അപൂർവ നേട്ടം കൈവരിച്ചത്.
രാജ്യത്തെ ഏറ്റവും മികച്ച സിംഗിൾ മാൾട്ട് വിസ്കി എന്ന് പേരെടുത്ത അമൃത് ഫ്യൂഷൻ വൻതോതിൽ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. 1948ൽ രാധാകൃഷ്ണ ജഗ്ദാലെ കർണാടകയിൽ സ്ഥാപിച്ച അമൃത് ഡിസ്റ്റിലറീസ് രാജ്യത്തെ ഏറ്റവും വിലകൂടിയ മദ്യങ്ങൾ ഉല്പാദിപ്പിക്കുന്ന കമ്പനിയായി മാറി.
സിംഗിൾ മാൾട്ട് വിസ്കി ബ്രാൻഡിൽ ലോകത്തെ ഏറ്റവും മികച്ച ആദ്യ 10 ബ്രാൻഡുകളിലൊന്നായി അമൃത് വിസ്കി മാറിയിട്ടുണ്ട്. 40ലധികം അവാർഡുകൾ ഈ ബ്രാൻഡിന് ഇതിനോടകം ലഭിച്ചിട്ടുണ്ട്.
അതിവേഗം വളരുന്ന ലോകത്തിലെ പ്രധാനപ്പെട്ട 30 മദ്യ ഉല്പന്നങ്ങളിൽ ആറെണ്ണം ഇന്ത്യയിൽ നിന്നുള്ള ബ്രാൻഡുകളാണ്. ലോക മദ്യവിപണിയുടെ മൂന്നിൽ രണ്ട് കയ്യടക്കി വെച്ചിരിക്കുന്നത് ഇന്ത്യൻ ഉല്പന്നങ്ങളാണ്.