ശബരിമലയിൽ പുഷ്പാഭിഷേക വഴിപാടിന് പുഷ്പഭാരം കുറയ്ക്കാൻ തീരുമാനം; 25 ലിറ്റർ മതി
ശബരിമലയിൽ പുഷ്പാഭിഷേക വഴിപാടിന് അമിതമായി പൂക്കൾ ഉപയോഗിക്കില്ല. ആവശ്യത്തിലധികം പൂക്കൾ കൊണ്ടുവന്ന് സന്നിധാനത്ത് നശിപ്പിക്കുന്നത് ഒഴിവാക്കാൻ ഹൈക്കോടതിയും തന്ത്രിയും ദേവസ്വം ബോർഡും യോജിച്ചു. പുഷ്പാഭിഷേകത്തിന് പൂക്കളുടെ അളവും നിശ്ചയിച്ചു -25 ലിറ്റർ മാത്രം.
12,500 രൂപ ചെലവുവരുന്ന പുഷ്പാഭിഷേകത്തിന് അയൽസംസ്ഥാനങ്ങളിൽനിന്നാണ് പൂക്കളെത്തിക്കുന്നത്. ഇതിന് ദേവസ്വം ബോർഡ് രണ്ടുകോടിയുടെ കരാറും നൽകി. അമിതമായി പൂക്കളെത്തിക്കുന്നത് ഉപയോഗശേഷം അവ സംസ്കരിക്കുന്നതിനെയും ബാധിക്കുന്നതിനാലാണ് തന്ത്രിയിൽനിന്നടക്കം ഉപദേശംതേടിയത്.
തന്ത്രിയുമായി ആലോചിച്ച് പൂക്കളുടെ അളവ് നിശ്ചയിക്കാനായിരുന്നു കോടതിയുടെ നിർദേശമെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. അളവുപാത്രവും തയ്യാറാക്കി. ദിവസം 80 മുതൽ 100 വരെ പുഷ്പാഭിഷേകമാണ് നടക്കുക. വഴിപാടുകാരുടെ ഇഷ്ടത്തിനൊത്ത് പൂക്കൾ ഉപയോഗിക്കാമായിരുന്നു. പൂജകൾക്കുശേഷം ഇൻസിനറേറ്ററിൽ കത്തിച്ചുകളയുന്നതാണ് രീതി.