Begin typing your search...

'പവർഗ്രൂപ്പിനും മാഫിയയ്ക്കും സിനിമയെ നിയന്ത്രിക്കാനാവില്ല'; തെറ്റു ചെയ്തവർക്കെതിരെ കേസെടുക്കണമെന്ന് സിദ്ദിഖ്

പവർഗ്രൂപ്പിനും മാഫിയയ്ക്കും സിനിമയെ നിയന്ത്രിക്കാനാവില്ല; തെറ്റു ചെയ്തവർക്കെതിരെ കേസെടുക്കണമെന്ന് സിദ്ദിഖ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പുറത്തു വന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിലപാട് വ്യക്തമാക്കി അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'. ഹേമ കമ്മിറ്റി റിപ്പോർട്ട് വളരെ സ്വാഗതാർഹമാണ്. അതിലെ ശുപാർശകളെല്ലാം നടപ്പിൽവരുത്തണമെന്നാണ് ആവശ്യപ്പെടുന്നതെന്നും സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് പറഞ്ഞു

ഹേമ കമ്മിറ്റി പ്രതിസ്ഥാനത്ത് നിറുത്തിയിരിക്കുന്നത് അമ്മയെ അല്ല. മാധ്യമങ്ങൾ ഞങ്ങളെ പ്രതിക്കൂട്ടിൽ നിറുത്തുന്നതിൽ വിഷമമുണ്ടെന്നും തെറ്റുചെയ്തവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

' അമ്മ ഒളിച്ചോടിയതല്ല. ഷോയുടെ തിരക്കുള്ളതിനാലാണ് പ്രതികരിക്കാൻ വൈകിയത്. പവർഗ്രൂപ്പ് ഉള്ളതിനെക്കുറിച്ച് അറിയില്ല. ഒരു പവർഗ്രൂപ്പിനും ഒരു സിനിമയെ നിയന്ത്രിക്കാനാവില്ല. പവർഗ്രൂപ്പും മാഫിയയും ഇല്ല. മാഫിയ എന്നത് എന്താണെന്ന് അറിയാത്തതുകൊണ്ടാണ് അങ്ങനെ പറയുന്നത്. പവർഗ്രൂപ്പിൽ ആരൊക്കെയെന്ന് കമ്മിറ്റിക്ക് പറയാം. പൊലീസ് അന്വേഷണത്തെ ഭയപ്പെടുന്നില്ല. കമ്മിറ്റി റിപ്പോർട്ടിൽ ഏതെങ്കിലും കുറ്റവാളിയെക്കുറിച്ച്ക പറയുന്നുണ്ടെങ്കിൽ അവർ ശിക്ഷിക്കപ്പെടണം. പുകമറ സൃഷ്ടിച്ച് കുറ്റവാളികൾ അല്ലാത്തവരെ നാണംകെടുത്തരുത്. സംഘടനയിൽ ഭിന്നതയില്ല' സിദ്ദിഖ് പറഞ്ഞു. ജോമോൾ, ജയൻ ചേർത്തല, വിനുമോഹൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിന്റെ പ്രതികരണം:

അമ്മയുടെ പ്രതികരണം വൈകിയെന്ന് പൊതുവേ വിമർശനമുണ്ട്. റിപ്പോർട്ട് പുറത്തുവരുമ്പോൾ ഒരു ഷോയുടെ റിഹേഴ്‌സൽ നടക്കുകയായിരുന്നു. 22ന് വെളുപ്പിനാണ് അത് അവസാനിച്ചത്. പ്രസിഡന്റ് മോഹൻലാൽ സ്ഥലത്തില്ല. അവരോടുൾപ്പെടെ ചർച്ച ചെയ്യാനാണ് സമയമെടുത്തത്. അല്ലാതെ ഒളിച്ചോട്ടമല്ല. റിപ്പോർട്ടിലെ കണ്ടെത്തലുകളും നിർദേശങ്ങളും തികച്ചും സ്വാഗതാർഹം.

റിപ്പോർട്ട് പുറത്തുവരുന്നതിനെ എതിർട്ടില്ല. അതിനെയും സ്വാഗതം ചെയ്തിരുന്നു. റിപ്പോർട്ടിൽ എന്തു നടപടിയെടുക്കണം എന്ന് തീരുമാനിക്കുന്നത് സർക്കാരാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് അമ്മയ്‌ക്കെതിരെയുള്ള ഒന്നല്ല. ഞങ്ങളുടെ അംഗങ്ങൾ തൊഴിലെടുത്ത് സുരക്ഷിതമായിരിക്കണമെന്നത് ഞങ്ങളുടെ കൂടെ ആവശ്യമാണ്. മാധ്യമങ്ങൾ അമ്മയെ പ്രതിസ്ഥാനത്ത് നിർത്തുന്നത് സങ്കടകരം.

മലയാള സിനിമ മേഖല മുഴുവൻ മോശമാണെന്ന് സാമാന്യവത്കരിക്കുന്നതിനോട് യോജിപ്പില്ല. അടച്ചാക്ഷേപിച്ചുള്ള ആരോപണങ്ങൾ വിഷമങ്ങളുണ്ടാക്കി. പവർ ഗ്രൂപ്പിനെക്കുറിച്ച് അറിയില്ല. അത് എവിടെ നിന്നുവന്നു എന്ന് അറിയില്ല. എല്ലാ സംഘടനകളിൽനിന്നും 2 പേരെ വീതം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ഹൈപവർ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതേക്കുറിച്ചാണോ പറഞ്ഞതെന്നറിയില്ല.

അങ്ങനെ ആരെങ്കിലും പവർ ഗ്രൂപ്പായി പ്രവർത്തിച്ചാൽ സിനിമ മേഖല മുന്നോട്ടുപോകില്ല. മാഫിയ എന്നൊക്കെ പറയുന്നത് അതേക്കുറിച്ച് അറിയാത്തതുകൊണ്ടാണ്. ഹേമ കമ്മിറ്റിയെക്കുറിച്ച് പ്രതികരിക്കുന്നതിൽനിന്ന് ഒഴിഞ്ഞുമാറിയിട്ടില്ല. അങ്ങനെ ഒഴിഞ്ഞുമാറാനാകില്ല. കാരണം ഞാനൊരു സംഘടനയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നയാളാണ്. പരിപൂർണമായും ഹേമ കമ്മിറ്റി റിപ്പോർട്ടിനെ അമ്മ സ്വാഗതം ചെയ്യുന്നു. അതിലെ നിർദേശങ്ങൾ എല്ലാം നടപ്പിലാക്കണം.

2006ൽ നടന്ന സംഭവത്തെക്കുറിച്ച് 2018ൽ ഒരു പെൺകുട്ടി പരാതി നൽകിയിരുന്നു. അന്ന് ഞാൻ വെറും എക്‌സിക്യൂട്ടിവ് മെമ്പർ മാത്രമായിരുന്നു. അന്ന് പരാതി ശ്രദ്ധയിൽപ്പെട്ടില്ല. അത് തെറ്റായിപ്പോയി. അങ്ങനെയുണ്ടാകാൻ പാടില്ലാത്തതാണ്. അല്ലാതെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് മറ്റു പരാതികൾ അമ്മയ്ക്ക് ലഭിച്ചിട്ടില്ല. ലൈംഗികാതിക്രമത്തേക്കാൾ കൂടുതൽ പ്രതിഫലം ലഭിക്കാതെ പോകുന്നു എന്ന പ്രശ്‌നമാണ് സിനിമ മേഖല നേരിടുന്ന വലിയ പ്രശ്‌നം. ലൈംഗികാതിക്രമ ആരോപണങ്ങളിൽ വേട്ടക്കാരുടെ പേരു പുറത്തുവിടണമെന്നും കേസെടുക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെടുന്ന കാര്യം അമ്മ ആലോചിച്ചു തീരുമാനമെടുക്കും.

അമ്മ സംഘടനയിലെ ഭൂരിഭാഗം പേരെയും കമ്മിറ്റി മൊഴിയെടുക്കാൻ വിളിപ്പിച്ചിട്ടില്ല. എന്നെ വിളിച്ചിട്ടില്ല. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരെ വിളിച്ചിരുന്നു. അവരോട് പ്രതിഫലം സംബന്ധിച്ച ചില കാര്യങ്ങൾ മാത്രമാണ് ചോദിച്ചതെന്നാണ് അറിഞ്ഞത്.

WEB DESK
Next Story
Share it