സീറ്റു വിഭജന ചർച്ചകൾ നന്നായി അവസാനിക്കും; ഒരു സഖ്യമുണ്ടാകും, ഒരു സംഘർഷവുമില്ല: അഖിലേഷ് യാദവ്
ഉത്തർപ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളിലേക്ക് കോൺഗ്രസുമായുള്ള സീറ്റു വിഭജന ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നു സമാജ്‍വാദി പാർട്ടി നേതാവും യുപി മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്.
വിവിധ സംസ്ഥാനങ്ങളിൽ സീറ്റു വിഭജന ചർച്ചകൾ തലവേദനയാകുമ്പോഴാണ് കോൺഗ്രസിനു പ്രതീക്ഷ നൽകി അഖിലേഷ് യാദവിന്റെ വാക്കുകൾ പുറത്തുവരുന്നത്. ഉത്തർപ്രദേശിൽ സീറ്റു വിഭജനവുമായി ബന്ധപ്പെട്ട് സമാജ്‍വാദി പാർട്ടിയും കോൺഗ്രസും തമ്മിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു.
‘‘സീറ്റു വിഭജന ചർച്ചകൾ നന്നായി അവസാനിക്കും. ഒരു സഖ്യമുണ്ടാകും, ഒരു സംഘർഷവുമില്ല. എല്ലാം ഉടൻ പുറത്തുവരും, എല്ലാം വ്യക്തമാകും’’– അഖിലേഷ് യാദവ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറഞ്ഞു. ഇന്ത്യാ സഖ്യത്തിലെ മുതിർന്ന നേതാവായിരുന്ന നിതീഷ് കുമാർ അടുത്തിടെയാണ് മുന്നണി വിട്ട് എൻഡിഎയിൽ ചേക്കേറിയത്. ഉത്തർപ്രദേശിൽനിന്നുള്ള രാഷ്ട്രീയ ലോക്ദൾ നേതാവ് ജയന്ത് ചൗധരിയും സഖ്യം വിട്ടിരുന്നു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ റായ്ബറേലിയിൽനിന്നും സോണിയ ഗാന്ധി മാത്രമാണ് വിജയിച്ച കോൺഗ്രസ് എംപി. അമേഠിയിൽ മൽസരിച്ച രാഹുൽ ഗാന്ധിയടക്കം പരാജയപ്പെട്ടിരുന്നു.