പാര്‍ട്ടി നേതൃത്വത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനം: ആകാശ് തില്ലങ്കേരി മാര്‍ച്ച് ഒന്നിന് കോടതിയില്‍ ഹാജരാകണമെന്ന് നോട്ടീസ്
സി,പി. എം സൈബര്‍പോരാളിയായ ആകാശ് തില്ലങ്കേരിക്കെതിരെ പാര്‍ട്ടി പണിതുടങ്ങി.പാര്‍ട്ടി നേതൃത്വത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനമുന്നയിച്ച സൈബര്‍ സഖാവായ ആകാശ് തില്ലങ്കേരിയെ നിയമകുരുക്കിലാക്കാന്‍ സി.പി.എം നേതൃത്വം നീക്കം തുടങ്ങി.
എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിലെ ഒന്നാംപ്രതിയായ ആകാശ് തില്ലങ്കേരിക്ക് കോടതി നോട്ടീസയച്ചു. ഇയാളുടെ ജാമ്യം റദ്ദാക്കണമെന്ന പബ്‌ളിക്ക് പ്രൊസിക്യൂട്ടര്‍ അഡ്വ.കെ. അജിത്ത് കുമാറിന്റെ ഹരജിയിലാണ് നോട്ടീസ് അയച്ചത്. വരുന്ന മാര്‍ച്ച് ഒന്നിന് തലശേരി സെഷന്‍സ് കോടതിയില്‍ ഹാജരാകാനാണ് നോട്ടീസില്‍ ഉത്തരവിട്ടിട്ടുളളത്. ആകാശ് ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നു ചൂണ്ടിക്കാട്ടി മട്ടന്നൂര്‍ പൊലിസാണ് കോടതിയെ സമീപിച്ചത്.
സൈബര്‍ പോരാളിയും സി.പി.എം നേതൃത്വത്തെ വെല്ലുവിളിച്ചു വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചതിനു പിന്നില്‍ രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണവും തില്ലങ്കേരി സഖാക്കളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.