ലോക കേരള സഭയ്ക്ക് പണം പിരിക്കുന്നത് മന്ത്രിയല്ല; എ.കെ. ബാലൻ
ലോക കേരള സഭയുടെ മേഖലാ സമ്മേളനവുമായി ബന്ധപ്പെട്ട് ഉയർന്ന പണപ്പിരിവ് ആരോപണത്തിൽ പ്രതികരണവുമായി മുൻമന്ത്രിയും സി.പി.എം. നേതാവുമായ എ.കെ. ബാലൻ. ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് സഹകരിക്കുമ്പോൾ എന്തിനാണ് ഈ അസൂയ എന്ന് അദ്ദേഹം ചോദിച്ചു. പ്രവാസികളെ പ്രതിപക്ഷം അപമാനിച്ചെന്നും അദ്ദേഹം ആരോപിച്ചു.
പരിപാടിക്ക് പണം പിരിക്കുന്നത് സ്പോൺസർമാരാണ്. അല്ലാതെ മന്ത്രിയാണോ എന്നും അദ്ദേഹം ആരാഞ്ഞു. പണത്തിന്റെ ദുരുപയോഗം നടക്കുമോ എന്നറിയാൻ ഓഡിറ്റ് നടത്തുന്നുണ്ടെന്ന് വൈസ് ചെയർമാൻ അറിയിച്ചിട്ടുണ്ട്. പിന്നെ എന്തിനാണ് പ്രവാസികളെ സംശയിക്കുന്നത്. ഇവിടെനിന്ന് കാശ് എടുക്കാനും പറ്റില്ല. അവിടെനിന്നുള്ള ആളുകളുടെ സാമ്പത്തിക സ്രോതസ്സ് ഉപയോഗിക്കാനും പാടില്ല. ഇതിനാണ് പറയുന്നത്, പുല്ലുകൂട്ടിൽ കിടക്കുന്ന പട്ടി തിന്നുകയുമില്ല തിന്നാൻ അനുവദിക്കുകയുമില്ലെന്ന്, ബാലൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പറഞ്ഞു.
ലോക കേരള സഭ എന്നത് വിവിധ രാജ്യങ്ങളിലെ മലയാളികളുടെ ഒരു കുടുംബസംഗമമാണെന്ന് ആദ്യം മനസ്സിലാക്കണം. ഈ സങ്കൽപം തന്നെ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് വന്നത് ഒരു അദ്ഭുതമാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് ഇതിന്റെ ആരംഭം. ലോകത്തിലെ എല്ലാ മലയാളി സുഹൃത്തുക്കളും ഇത് നല്ലരീതിയിൽ സ്വീകരിച്ചതാണെന്നും ബാലൻ പറഞ്ഞു. ഒന്ന്, രണ്ട്, മൂന്ന് സമ്മേളനങ്ങൾ പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ഇപ്പോൾ മേഖലാ സമ്മേളനങ്ങളും ബഹിഷ്‌കരിക്കുകയാണ്. എന്തിനു വേണ്ടിയാണെന്നും ബാലൻ ചോദിച്ചു.
പ്രവാസികളെ ഒരു ഘട്ടത്തിൽ അപമാനിച്ചില്ലേ എന്നും എ.കെ. ബാലൻ ആരാഞ്ഞു. പ്രവാസികൾ ഇവിടെ വന്നാൽ അവർക്ക് നല്ല കുഷ്യൻ സീറ്റിൽ ഇരിക്കാൻ നമ്മൾ എന്തിന് ചെലവാക്കണം, എന്തിന് നമ്മൾ ഭക്ഷണവും താമസസൗകര്യവും കൊടുക്കണം എന്നായിരുന്നല്ലോ അന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചതെന്നും ബാലൻ ചൂണ്ടിക്കാട്ടി. ഇത് കേട്ട് സഹിച്ച് സഹിച്ച് ഒടുവിൽ യൂസഫലി പറഞ്ഞത് എന്താണെന്നറിയുമോ? ആ ചെലവ് ഞങ്ങൾ വഹിച്ചോളാം. ആ ഔദാര്യം ഞങ്ങൾക്ക് വേണ്ടെന്ന്. കേരളത്തിന് പുറത്തുള്ളവർ അങ്ങനെവരെ പറയാൻ നിർബന്ധിക്കപ്പെട്ടില്ലേ. നമ്മുടെ പ്രവാസി സുഹൃത്തുക്കളെ ഇങ്ങനെ അപമാനിക്കണ്ട ആവശ്യമുണ്ടോയെന്നും ബാലൻ ചോദിച്ചു.
ഒരു പുതിയ മാതൃക കേരള സർക്കാർ സൃഷ്ടിച്ചു. അതിന്റെ ഭാഗമായി പ്രവാസികൾക്ക് വലിയ ആശ്വാസമാണ് ഇപ്പോൾ ഉള്ളത്. നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചു. പ്രവാസി പോർട്ടൽ നടപ്പിലാക്കി. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഇമേജ് മറ്റൊരിക്കലും ഇല്ലാത്ത വിധത്തിൽ ഉയർന്നിരിക്കുന്നെന്നും ബാലൻ അവകാശപ്പെട്ടു