എഐ ക്യാമറ ഇടപാട്; 132 കോടി രൂപയുടെ അഴിമതി: രമേശ് ചെന്നിത്തല
എഐ ക്യാമറ ഇടപാടിൽ നടന്നത് 132 കോടി രൂപയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിൽ മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും ഒളിച്ചുകളിക്കുകയാണ്. എഐ ക്യാമറയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളിക്കളയാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. സംസ്ഥാന സർക്കാർ മൗനം തുടരുകയാണ്. മുഖ്യമന്ത്രി അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
പ്രതിപക്ഷം പുകമറയുണ്ടാക്കുന്നുവെന്ന് പറഞ്ഞു സർക്കാരിന് രക്ഷപ്പെടാനാവില്ല. കെൽട്രോൺ പുറത്തുവിട്ട രേഖകൾ ക്രമക്കേട് തെളിയിക്കുന്നതാണ്. പ്രവർത്തി പരിചയമില്ലാത്ത കമ്പനികൾക്ക് കരാർ നൽകിയാണ് ഇടപാട് നടത്തിയത്. കെൽട്രോൺ പല രേഖകളും മറച്ചുവയ്ക്കുന്നു. സർക്കാർ ഒളിപ്പിച്ചുവച്ച രേഖകൾ ഞങ്ങൾ പുറത്തുവിടുന്നു. രേഖകൾ പലതും വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടത് രണ്ട് ദിവസം മുമ്പാണ്. ടെണ്ടറിൽ പങ്കെടുത്ത അക്ഷര എന്റർപ്രൈസസ് കമ്പനിക്ക് പ്രവൃത്തി പരിചയമില്ലാത്തതാണ്. അക്ഷര കമ്പനിയെ എങ്ങനെ ടെൻഡർ നടപടിയിൽ ഉൾപ്പെടുത്തി? ടെൻഡർ നടപടിയിൽ ഗുരുതര ക്രമക്കേട് നടന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.