എഡിഎമ്മിന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഗൂഢാലോചന നടന്നു, വ്യാജ കൈക്കൂലി പരാതി തയ്യാറാക്കിയത് എകെജി സെന്ററിൽ; വിഡി സതീശൻ
മകളുടെ കേസ് ഒതുക്കി തീർക്കാൻ മുഖ്യമന്ത്രി പാർട്ടിയെയും സർക്കാരിനെയും ആർഎസ്എസിന്റെ ആലിയിൽ കെട്ടിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എഡിഎമ്മിനെതിരായ വ്യാജ കൈക്കൂലി പരാതി എകെജി സെന്ററിലാണ് തയ്യാറാക്കിയതെന്നും എഡിഎമ്മിന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഗൂഢാലോചന നടന്നെന്നും അദ്ദേഹം ആരോപിച്ചു. ഉത്തരത്തിലുള്ളത് എടുക്കാൻ നോക്കിയ സിപിഎമ്മിന് കൈയ്യിലുള്ളത് പോയ സ്ഥിതിയാണ് പാലക്കാട് ഏരിയാ കമ്മിറ്റിയംഗം ഷുക്കൂർ പാർട്ടി ഓഫീസ് വിട്ടതെന്നും വിമർശനമുണ്ട്.
ആർഎസ്എസ് നേതാവിനെ കാണാൻ എഡിജിപി പോയത് മുഖ്യമന്ത്രിയുടെ ദൂതനായാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആ കുറ്റബോധം തീർക്കാനാണ് മുഖ്യമന്ത്രി വർഗീയതയുമായി യുഡിഎഫിനെ കൂട്ടിക്കെട്ടുന്നത്. ബിജെപിയുമായി സഖ്യത്തിലുള്ള അജിത് പവർ വിഭാഗത്തിലേക്ക് പോകാൻ 100 കോടി രൂപ ഇടത് എംഎൽഎ വാഗ്ദാനം ചെയ്തിട്ട് അദ്ദേഹത്തിനെതിരെ സർക്കാരോ മുന്നണിയോ നടപടിയെടുത്തോ? എൻഡിഎക്കൊപ്പം പോയ ജെഡിഎസ് അംഗങ്ങളല്ലേ കേരളത്തിലെ ഇടത് എംഎൽഎയും മന്ത്രിയും? മുഖ്യമന്ത്രി ഈ വിഷയത്തിൽ മിണ്ടാത്തത് എന്താണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
എഡിഎമ്മിന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ദിവ്യയെ രക്ഷിക്കാനുള്ള ശ്രമം നടന്നുവെന്ന് അദ്ദേഹം ആരോപിച്ചു. എഡിഎമ്മിന്റെ മരണത്തിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചോ? ആ കുടുംബത്തെ ഒന്ന് ഫോണിൽ വിളിച്ച് സംസാരിക്കാനെങ്കിലും ഈ മുഖ്യമന്ത്രി തയ്യാറായോ? മനുഷ്യത്വമുണ്ടോ ഈ മുഖ്യമന്ത്രിക്ക്? ഒന്നാം പിണറായി സർക്കാരിൽ മുഖ്യമന്ത്രിയെ നിയന്ത്രിച്ചത് എം ശിവശങ്കറായിരുന്നെങ്കിൽ ഇപ്പോൾ മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫീസിലെ ഉപജാപക സംഘമാണ് നയിക്കുന്നത്. പാലക്കാട് നിയോജക മണ്ഡലത്തിലെ ഒരാൾ പോലും കോൺഗ്രസ് വിട്ട് പോയിട്ടില്ല. അതേസമയം സിപിഎമ്മിൽ നിന്ന് പോയി. സിപിഎമ്മിൽ നിന്ന് ഇനിയും ചോർച്ചയുണ്ടാകും. സിപിഎമ്മിനെ ബാധിച്ച ജീർണത ആ പ്രസ്ഥാനത്തെ തകർക്കുമെന്നും വിഡി സതീശൻ പറഞ്ഞു. നിഷ്‌കളങ്കനും പാവവും ആണ് കെപിസിസി അധ്യക്ഷനെന്ന് പറഞ്ഞ വിഡി സതീശൻ മാധ്യമങ്ങൾ അദ്ദേഹത്തെ പ്രശ്‌നങ്ങളിലേക്ക് വലിച്ചിടുകയാണെന്ന് കുറ്റപ്പെടുത്തി.