Begin typing your search...

മെമ്മറി കാർഡ് തുറന്നതിൽ പൊലീസ് അന്വേഷണം ഇല്ല; അതിജീവിതയുടെ ഉപഹർജി തള്ളി ഹൈക്കോടതി

മെമ്മറി കാർഡ് തുറന്നതിൽ പൊലീസ് അന്വേഷണം ഇല്ല; അതിജീവിതയുടെ ഉപഹർജി തള്ളി ഹൈക്കോടതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡ് തുറന്നതിൽ അതിജീവിതയുടെ ഹർജി ഹൈക്കോടതി തള്ളി. മെമ്മറി കാർഡ് തുറന്നതിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത്, ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള അന്വേഷണം വേണമെന്ന അതിജീവിതയുടെ ആവശ്യം കോടതി നിരാകരിച്ചു. ഉപഹർജി നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഡി എസ് ഡയസ് തള്ളിയത്. മെമ്മറി കാർഡ് ഹാഷ് വാല്യു മാറിയതിൽ അതിജീവിത നൽകിയ പരാതിയിൽ ഹൈക്കോടതി നേരത്തെ വസ്തുതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി അന്വേഷിച്ച് റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം. ഇതനുസരിച്ച് മൂന്നു തവണ അനുമതിയില്ലാതെ മെമ്മറി കാർഡ് തുറന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ കാർഡ് തുറന്നവർക്കെതിരെ നിയമനടപടിക്ക് ശുപാർശയുണ്ടായിരുന്നില്ല. ഇതേത്തുടർന്നാണ് മെമ്മറി കാർഡ് തുറന്നതുമായി ബന്ധപ്പെട്ട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോർട്ട് തള്ളണമെന്നും, സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഐജി റാങ്കിൽ കുറയാത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നും ആക്രമണത്തിന് ഇരയായ നടി ഹൈക്കോടതിയിൽ ഉപ ഹർജി നൽകിയത്. അതിജീവിതയുടെ ഉപഹർജിയെ കേസിലെ എട്ടാം പ്രതിയായ ദിലീപ് എതിർത്തിരുന്നു.

ഹർജിക്കാരിക്ക് നിയമപരമായ മറ്റു മാർഗങ്ങൾ തേടാവുന്നതാണെന്ന് ഹൈക്കോടതി വിധിയിൽ വ്യക്തമാക്കി. മുമ്പ് തീർപ്പാക്കിയ കേസിൽ പുതിയ ആവശ്യങ്ങൾ ഉന്നയിക്കാനാവില്ലെന്നും ജസ്റ്റിസ് ഡയസ് ചൂണ്ടിക്കാട്ടി. തന്റെ സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണ് നടന്നത്. അതിനാലാണ് വസ്തുതാന്വേഷണത്തിന് കോടതിയെ സമീപിച്ചതെന്ന് അതിജീവിത കോടതിയിൽ ചൂണ്ടിക്കാട്ടി. ഒരു തവണ രാത്രിയിലും ഒരു തവണ സ്മാർട്ട് ഫോണിലുമാണ് മെമ്മറി കാർഡ് തുറന്നിട്ടുള്ളത്. ഗുരുതരമായ കുറ്റകൃത്യം കണ്ടെത്തിയിട്ടും, അതിന്മേൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ സെഷൻസ് ജഡ്ജിയുടെ ഭാഗത്തു നിന്നും നിർദേശം ഉണ്ടായില്ലെന്നും നടി ചൂണ്ടിക്കാട്ടിയിരുന്നു.

മാത്രമല്ല, പരാതിക്കാരിയായ തന്നോട് യാതൊന്നും ചോദിക്കുകയോ, തന്റെ വാദങ്ങൾ കേൾക്കാൻ സെഷൻസ് ജഡ്ജി തയ്യാറാകുകയോ ചെയ്തിട്ടില്ല. അതിനാൽ ഈ അന്വേഷണ റിപ്പോർട്ട് നിലനിൽക്കുന്നതല്ലെന്നായിരുന്നു അതിജീവിതയുടെ വാദം. മെമ്മറി കാർഡ് തുറന്ന സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്നും നടി ആവശ്യപ്പെട്ടു. എന്നാൽ അതിജീവിതയുടെ വാദത്തെ ദിലീപ് എതിർത്തിരുന്നു. ആദ്യഘട്ടത്തിൽ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത കോടതിയെ സമീപിച്ചിരുന്നു. എന്നാൽ റിപ്പോർട്ട് രഹസ്യമാക്കി വെക്കണമെന്നായിരുന്നു ദിലീപ് ആവശ്യപ്പെട്ടത്. എന്നാൽ എന്തിനാണ് റിപ്പോർട്ട് രഹസ്യമാക്കി വെക്കുന്നതെന്ന് ചോദിച്ച് ഹൈക്കോടതി, ദിലീപിന്റെ വാദം തള്ളി റിപ്പോർട്ടിന്റെ പകർപ്പ് അതിജീവിതയ്ക്ക് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടർന്നാണ് റിപ്പോർട്ട് പരിശോധിച്ച ശേഷം ഗുരുതരമായ ചില പ്രശ്നങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടി അതിജീവിത വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

WEB DESK
Next Story
Share it