ആലപ്പുഴയിലെ അപകടം ; കുട്ടികൾ കാർ ചോദിച്ചത് സിനിമയ്ക്ക് പോകാൻ വേണ്ടി , പരിചയത്തിൻ്റെ പുറത്ത് വാഹനം നൽകിയെന്ന് കാർ ഉടമ
ആലപ്പുഴ കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് വാഹന ഉടമ. വാഹനം നൽകിയത് വാടകയ്ക്കല്ലെന്ന് വാഹന ഉടമ ഷാമിൽ ഖാൻ പറഞ്ഞു. കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാറുമായി പരിചയമുണ്ട്. പരിചയത്തിന്റെ പേരിലാണ് വാഹനം നൽകിയത്. സിനിമയ്ക്ക് പോകാൻ വേണ്ടിയാണ് കുട്ടികൾ വാഹനം ചോദിച്ചത്. അവധിയായതിനാൽ ആറ് പേർക്ക് സിനിമയ്ക്ക് പോകാനാണെന്ന് പറഞ്ഞു. അപകടത്തിൽ മരിച്ച മുഹമ്മദ് അബ്ദുൽ ജബ്ബാറാണ് വാടകയ്ക്ക് വാഹനം ചോദിച്ചത്. വാഹനം കൊടുക്കാൻ മടിച്ചപ്പോൾ സഹോദരനെക്കൊണ്ട് വിളിപ്പിച്ചുവെന്നും ഷാമിൽ ഖാൻ പറയുന്നു. അപകടവിവരം അറിഞ്ഞതിന്റെ ഞെട്ടലിലാണ് ഇപ്പോഴും. പൊലീസും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ബന്ധപ്പെട്ടിരുന്നുവെന്നും ഷാമിൽ ഖാൻ കൂട്ടിച്ചേര്‍ത്തു.
ഇന്നലെ രാത്രിയായിരുന്നു നാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ ദാരുണമായ വാഹനാപകടം ഉണ്ടായത്. പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. രണ്ട് മാസം മുമ്പാണ് അഞ്ച് പേരും ആലപ്പുഴ മെഡിക്കൽ കോളേജിൽ എംബിബിഎസിന് ചേര്‍ന്നത്. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്നു യുവാക്കള്‍. കാറിൽ 11 പേരുണ്ടായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്ത് എടുത്തത്. കാറിലുണ്ടായിരുന്ന മറ്റ് ആറ് പേർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്.
വാഹനാപകടത്തിലേക്ക് നയിച്ചത് പ്രതികൂല കാലാവസ്ഥയും ഡ്രൈവിങ്ങിലെ പരിചയക്കുറവുമാണെന്നാണ് ഗതാഗത വകുപ്പിന്‍റെ കണ്ടെത്തല്‍. കാറിന്‍റെ കാലപ്പഴക്കവും ഓവര്‍ലോഡും അപകടത്തിന്‍റെ വ്യാപ്തി കൂട്ടിയെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.