ഗവർണറുടെ സുരക്ഷാ ചുമതല സി.ആർ.പി.എഫിന്; തുടർക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് അവലോകന യോഗം
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെയും രാജ്ഭവന്റെയും സുരക്ഷാ ചുമതല കേന്ദ്രസേനയ്ക്ക് കൈമാറിയ പശ്ചാത്തലത്തിൽ തുടർക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് സുരക്ഷാ അവലോകന യോഗം ചേരും. രാവിലെ 11 മണിക്ക് രാജ്ഭവനിലാണ് യോഗം ചേരുന്നത്. രാജ്ഭവൻ പ്രതിനിധികൾ, സി.ആർ.പി.എഫ് ഉന്നത ഉദ്യോഗസ്ഥർ, സംസ്ഥാന പോലീസ് മേധാവി അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കുമെന്നാണ് ലഭിക്കുന്നവിവരം.
അതേസമയം യോഗത്തിനുശേഷം അന്തിമ തീരുമാനം വരുന്നതുവരെ രാജ്ഭവന്റെ സുരക്ഷ പോലീസിന്റെ മേൽനോട്ടത്തിലായിരിക്കും. കൊല്ലം നിലമേലിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഗവർണർക്ക് സി.ആർ.പി.എഫ് സുരക്ഷ ഏർപ്പെടുത്തി കേന്ദ്രം ഉത്തരവിറക്കിയത്.
സേനാംഗങ്ങളുടെ ചെലവ്, സംഘത്തിലുള്ളവരുടെ എണ്ണം, ഡ്യൂട്ടിസമയം തുടങ്ങിയ കാര്യങ്ങളിൽ ഇന്ന് ചേരുന്ന യോഗത്തിൽ വ്യക്തത വരുത്തും. സുരക്ഷ കൈമാറിക്കൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ഇന്നലെയാണ് സംസ്ഥാന സർക്കാരിന് ലഭിച്ചത്. ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കുമാണ് ഉത്തരവ് ലഭിച്ചത്.