പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവും പെൺസുഹൃത്തും കുട്ടിയുടെ മാതാവും പിടിയിൽ
തമിഴ്നാട് സ്വദേശിയായ യുവതിയുടെ പ്രായപൂർത്തിയാകാത്ത മകളെ 1500 രൂപ നൽകിയാണ് എറണാകുളത്ത് നിന്നും കാട്ടാക്കടയിൽ എത്തിച്ച് വിവിധ ഇടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. നെയ്യാർ ഡാം ഇടവഞ്ചാൽ കുഞ്ചു നിവാസിൽ അഖിൽ ദേവ് (25) ഇയാളുടെ പെൺസുഹൃത്ത് കാട്ടാക്കട മൂങ്ങോട് വിനീഷാ ഭവനിൽ വിനിഷ (24) കുട്ടിയുടെ മാതാവ് എന്നിവരാണ് കാട്ടാക്കട പോലീസിന്റെ പിടിയിലായത്.
നേരത്തെ ട്രെയിനിൽ വച്ചു പരിചയപ്പെട്ട യുവതിയുടെ 13 വയസായ മകളെ ഇക്കഴിഞ്ഞ അഞ്ചാം തീയതി എറണാകുളത്ത് നിന്നും മാതാവിന് 1500 രൂപ നൽകിയ ശേഷം പ്രതി അഖിൽ കാട്ടാക്കടയിലെ വിവിധ ഇടങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ആദ്യം കാട്ടാക്കടയിൽ റൂം എടുത്തും,തുടർന്ന് പ്രതിയുടെ നെയ്യാർ ഡാമിലെ വീട്ടിൽ എത്തിച്ചും ഇവിടെ നിന്ന് കാട്ടാക്കടയിലുള്ള അഖിലിന്റെ പെൺ സുഹൃത്തായ വിനീഷയുടെ വീട്ടിൽ എത്തിച്ചു. ഇവിടെ വച്ച് പെൺ സുഹൃത്തിന്റെ മാതാവിന് ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നി പോലീസിൽ വിവരം അറിയിച്ചതോടെയാണ് പീഢന വിവരം പുറത്തറിയുന്നത്. കാട്ടാക്കട പോലീസ് പ്രതികളിൽ നിന്നും മൊഴി രേഖപ്പെടുത്തി.