Begin typing your search...

2024 നെഹ്‌റു ട്രോഫി വള്ളംകളി; 28ന് ആലപ്പുഴ ജില്ലയിൽ പൊതു അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

2024 നെഹ്‌റു ട്രോഫി വള്ളംകളി; 28ന് ആലപ്പുഴ ജില്ലയിൽ പൊതു അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നെഹ്‌റു ട്രോഫി വള്ളംകളിയുടെ പശ്ചാത്തലത്തിൽ ശനിയാഴ്ച ആലപ്പുഴ ജില്ലയിൽ പൊതു അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. അതേസമയം, 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതർ അറിയിച്ചു. 28-ന് ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഉദ്ഘാടന ചടങ്ങ്. ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രിമാർ, ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവരും പങ്കെടുക്കും.

ഓഗസ്റ്റ് 10-ന് നടത്താനിരുന്ന വള്ളംകളി വയനാട് ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 28 ലേക്ക് മാറ്റുകയായിരുന്നു. സാംസ്‌കാരിക കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള വിവിധ പരിപാടികളും സാംസ്‌കാരിക ഘോഷയാത്രയും ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി സംഘടിപ്പിക്കാറുള്ള വഞ്ചിപ്പാട്ട് ഉള്‍പ്പെടെയുള്ള മത്സരങ്ങളും ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കിയിട്ടുണ്ട്.

വള്ളംകളിയുടെ പശ്ചാത്തലത്തിൽ കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. സ്പീഡ് ബോട്ടുകളുടെ സഞ്ചാരത്തിലും ഡ്രോണുകളുടെ ഉപയോഗത്തിലും കര്‍ശന നിയന്ത്രണം ഉറപ്പുവരുത്തിയിട്ടുണ്ട്. അഞ്ചു ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ വഴിയും ബാങ്ക് ഓഫ് ബറോഡ, എസ് ബി ഐ എന്നീ ബാങ്കുകളിലൂടെ ഓണ്‍ലൈനായും ടിക്കറ്റ് വില്‍പന പുരോഗമിക്കുകയാണ്.

9 വിഭാഗങ്ങളിലായി 74 വള്ളങ്ങളാണ് ഇക്കുറി നെഹ്‌റു ട്രോഫിയില്‍ മാറ്റുരയ്ക്കുന്നത്. ചുണ്ടന്‍ വള്ളങ്ങളുടെ വിഭാഗത്തില്‍ 19 വള്ളങ്ങളുണ്ട്. ചുരുളന്‍-3, ഇരുട്ടുകുത്തി എ ഗ്രേഡ്-4, ഇരുട്ടുകുത്തി ബി ഗ്രേഡ്-16, ഇരുട്ടുകുത്തി സി ഗ്രേഡ്-14, വെപ്പ് എ ഗ്രേഡ്-7, വെപ്പ് ബി ഗ്രേഡ്-4, തെക്കനോടി തറ-3, തെക്കനോടി കെട്ട്-4 എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം.

രാവിലെ 11-ന് മത്സരങ്ങള്‍ ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സാണ് ആദ്യം. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും ചെറു വള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കുക. വൈകുന്നേരം നാലു മുതലാണ് ഫൈനല്‍ മത്സരങ്ങള്‍. ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തില്‍ അഞ്ചു ഹീറ്റ്‌സുകളാണുള്ളത്. ആദ്യ നാല് ഹീറ്റ്‌സുകളില്‍ നാലു വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്‌സില്‍ മൂന്ന് വള്ളങ്ങളുമാണ് മത്സരിക്കുക. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്‌റു ട്രോഫിക്കു വേണ്ടിയുള്ള ഫൈനല്‍ പോരാട്ടത്തിനായി ഇറങ്ങുക. ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്.

WEB DESK
Next Story
Share it