അച്ചു ഉമ്മനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; സെക്രട്ടേറിയറ്റ് മുൻ ജീവനക്കാരനെതിരെ കേസ്
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട സെക്രട്ടേറിയറ്റ് മുൻ ജീവനക്കാരനെതിരെ കേസെടുത്തു. ഇടത് സംഘടന നേതാവ് നന്ദകുമാറിനെതിരെ പൂജപ്പുര പൊലീസാണ് കേസെടുത്തത്.സമൂഹമാധ്യമങ്ങളിലൂടെയും പാർട്ടി പ്രചാരണവേദികളിലൂടെയും വ്യക്തിഹത്യ ചെയ്യാനും സ്ത്രീത്വത്തെ അപമാനിക്കാനുമുള്ള ശ്രമത്തിനെതിരെ അച്ചു ഉമ്മൻ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. നടപടി ആവശ്യപ്പെട്ട് വനിത കമീഷനിലും സൈബർ സെല്ലിലും അച്ചു ഉമ്മൻ പരാതി നൽകിയിട്ടുണ്ട്.
സംഭവത്തിൽ നന്ദകുമാർ നേരത്തെ ഫേസ്ബുക്കിലൂടെ തന്നെ ക്ഷമാപണം നടത്തിയിരുന്നു. ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി ആക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അറിയാതെ സംഭവിച്ചുപോയ തെറ്റിന് നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്നും ക്ഷമാപണ കുറിപ്പിൽ പറഞ്ഞിരുന്നു.
ധൈര്യമുണ്ടെങ്കിൽ നേർക്കുനേർ ആരോപണം ഉന്നയിക്കട്ടെയെന്നാണ് സൈബർ അധിക്ഷേപങ്ങൾക്കെതിരെ അച്ചു ഉമ്മൻ പ്രതികരിച്ചത്. സർക്കാറിൻറെ അഴിമതിയിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ഈ ശ്രമം. ജീവിച്ചിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർ അദ്ദേഹം മരിച്ചപ്പോൾ മക്കളെ വേട്ടയാടുന്നു. ഒളിവിലും മറവിലും ഇരുന്ന് പറയുന്നവർക്കെതിരെ എങ്ങനെയാണ് നിയമ നടപടിയെടുക്കുന്നത്. നിങ്ങൾ ഒരു മൈക്കിന് മുന്നിൽ വന്നുനിന്ന് പറയൂവെന്നും അവർ പറഞ്ഞിരുന്നു.