ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി കേരള ഹൈകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
കേരള ഹൈകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11ന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാർ അടക്കമുള്ളവർ പങ്കെടുത്തു. കേരള ഹൈകോടതിയുടെ മുപ്പത്തിയെട്ടാമത് ചീഫ് ജസ്റ്റിസാണ് ആശിഷ് ദേശായി. കേരള ഹൈകോടതി ചീഫ് ജസ്റ്റിസായിരുന്ന എസ്.വി. ഭട്ടി സുപ്രീംകോടതി ജഡ്ജിയായതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് ഗുജറാത്ത് ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന ദേശായിയെ നിയമിച്ചത്.
1962 ജൂലൈ അഞ്ചിന് വഡോദരയിൽ ആണ് ആശിഷ് ദേശായിയുടെ ജനനം. ഗുജറാത്ത് ഹൈകോടതിയിൽ ജഡ്ജിയായിരുന്ന ജസ്റ്റിസ് ജെ.പി. ദേശായിയുടെ മകനാണ്. അഹമ്മദാബാദിലെ സെയ്ൻറ് സേവ്യേഴ്സ് കോളജിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും എൽ.എ. ഷാ ലോ കോളജിൽനിന്ന് നിയമപഠനവും പൂർത്തിയാക്കി. 1985ൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയ അദ്ദേഹം 2011 നവംബർ 21ന് ഗുജറാത്ത് ഹൈകോടതി ജഡ്ജിയായി ചുമതലയേറ്റു.
കേരളത്തെ കൂടാതെ മറ്റ് മൂന്ന് ഹൈകോടതികളിലേക്കും പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചിട്ടുണ്ട്. അലഹാബാദ് ഹൈകോടതി ജസ്റ്റിസ് സുനിത അഗർവാളിനെ ഗുജറാത്ത് ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ഇതോടെ, രാജ്യത്തെ ഏക വനിതാ ഹൈകോടതി ചീഫ് ജസ്റ്റിസായി സുനിത മാറി. കർണാടയിലെ ജസ്റ്റിസ് അലോക് അരാധെയെ തെലങ്കാനയിലെയുംജസ്റ്റിസ് സുഭാസിസ് തലാപത്രയെ ഒഡിഷ ഹൈകോടതിയിലെയും ചീഫ് ജസ്റ്റിസുമാരായി നിയമിച്ചു.