രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്; സുപ്രീംകോടതി നോട്ടീസയച്ചു
ആലപ്പുഴ രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിലെ ഗൂഢാലോചന കേസിൽ പ്രതികളായവർക്കെതിരെ അന്വേഷണം വേഗത്തിലാക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി നോട്ടീസയച്ചു. സംസ്ഥാനത്തിനും കേസിൽ കക്ഷിയായ രഞ്ജിത്ത് ശ്രീനിവാസൻ്റെ കുടുംബത്തിനുമാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
കേസിലെ പതിനാറ് മുതൽ മുപ്പത്തിരണ്ട് വരെയുള്ള പ്രതികളാണ് സുപ്രീംകോടതിയില്‍ ഹർജി നൽകിയത്. കേസിലെ ആദ്യ പതിനഞ്ച് പ്രതികൾക്കെതിരെ കുറ്റപ്പത്രം നൽകി വിചാരണ തുടങ്ങിയിരുന്നു. എന്നാൽ തങ്ങളുടെ കാര്യത്തിൽ ഒരു നടപടിയും ഇല്ലെന്നാണ് ഹർജിക്കാരുടെ ഭാഗത്തു നിന്നുള്ള പരാതി. അതുകൊണ്ട് നിയമ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
2021 ഡിസംബര്‍ 19ന് പുലര്‍ച്ചെയാണ് ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനെ ആലപ്പുഴയിലെ എസ്‍ഡിപിഐ ഹർത്താലിനിടെ വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടില്‍ കയറിയായിരുന്നു ആക്രമണം.