സ്വപ്‌ന സുരേഷിനെ ബംഗളൂരുവില്‍ എത്തി പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ബംഗളൂരുവില്‍ എത്തി പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരായ ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പരാതിയിലാണ് ചോദ്യം ചെയ്യൽ. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും കൈമാറിയാല്‍ 30 കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കണ്ണൂര്‍ സ്വദേശിയായ വിജേഷ് പിള്ള തന്നെ വന്നു കണ്ടുവെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള സ്വപ്‌നയുടെ ആരോപണത്തിനെതിരായ പരാതിയാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്. എം വി ഗോവിന്ദന്‍ പറഞ്ഞിട്ടാണ് താന്‍ വന്നതെന്ന് വിജേഷ് പിള്ള പറഞ്ഞതായും സ്വപ്‌ന സുരേഷ് ആരോപണം ഉന്നയിച്ചിരുന്നു. ബംഗലൂരുവിലുളള സ്വപ്ന സുരേഷ് ഫേസ് ബുക് ലൈവിലൂടെയാണ് ആരോപണം ഉന്നയിച്ചത്. ഇതിനെതിരെ സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ സന്തോഷ് നല്‍കിയ പരാതിയിൻമേലാണ് സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചത്.