ആന്റണി രാജുവിനെതിരായ കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിലെ വിവരങ്ങൾ പുറത്ത്
തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന ആന്റണി രാജുവിനെതിരായ കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പ്രതികൾക്കെതിരെ ഉയർന്നത് നിയമ നിർവഹണ സംവിധാനത്തെ കളങ്കപ്പെടുത്തുന്ന ആരോപണങ്ങളാണെന്നും ഇതിനെ ശക്തമായി നേരിടേണ്ടിവരുമെന്നും ഹൈക്കോടതി വിധിയിൽ പരാമർശിക്കുന്നു. ജുഡീഷ്യൽ സംവിധാനം കളങ്കപ്പെടാൻ അനുവദിക്കരുത്. ശരിയായ നീതി നിവഹണം നടപ്പാകുന്നുവെന്ന് ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.
ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് കർശനമായ തുടർ നിയമ നടപടി ഉണ്ടാകണം. യഥാർഥ പ്രതികളെ കണ്ടെത്തി വിചാരണ നടത്തി തക്കതായ ശിക്ഷ കൊടുക്കണം. അതിനാവശ്യമായ തുടർ നടപടികൾ ഹൈക്കോടതി രജിസ്ട്രി ഉടൻ സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന കേസിൽ മന്ത്രി ആന്‍റണി രാജുവിനെതിരായ കേസാണ് ഹൈക്കോടതി റദ്ദാക്കിയത്.
സാങ്കേതിക കാരണങ്ങളാൽ മാത്രമാണ് നടപടിയെന്നും ജുഡീഷ്യറിയെ തന്നെ ബാധിക്കുന്ന ഗുരുതരമായ ആരോപണങ്ങളാണ് പ്രതികൾക്കെതിരെ ഉയർന്നതെന്നും വ്യക്തമാക്കിയാണ് നടപടി. നടപടിക്രമം പാലിച്ചുളള നിയമ നടപടികളുമായി മുന്നോട്ടുപോകുന്നതിന് തടസമില്ലെന്നും ഹൈക്കോടതി രജിസ്ട്രിക്ക് നിർദേശമുണ്ട്.