'ഗ്യാസ് വില വർധനവ്; സാധാരണക്കാരുടെ അടുക്കളക്ക് നേരെയുള്ള ബുൾഡോസർ പ്രയോഗം'
ഗ്യാസ് വില വർധിപ്പിക്കാനുള്ള മോദി സർക്കാർ തീരുമാനം സാധാരണക്കാരുടെ അടുക്കളക്ക് നേരെയുള്ള ബുൾഡോസർ പ്രയോഗമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പട്ടാമ്പിയിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇത്തരത്തിൽ തുറന്നടിച്ചത്.
റെയിൽവേ ഭക്ഷണത്തിന് വില വർധിപ്പിച്ചതിന് പിറകെയുള്ള നടപടിക്കെതിരെ ജനകീയ പ്രതിരോധ നിര ഉയരണമെന്നും, എട്ടു വർഷത്തിനിടെ 700 രൂപയാണ് വർധിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മോദി അധികാരത്തിലെത്തുമ്പോൾ 410 രൂപയായിരുന്ന ഗ്യാസ് വില 1110 ലെത്തിയെന്നും വിലവർധനവിനെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസ് തയ്യാറാകുമോ എന്ന് എം.വി.ഗോവിന്ദൻ ചോദിച്ചു.
പെൻഷൻകാരെ സഹായിക്കാൻ രണ്ടു രൂപ സെസ് ചുമത്തിയപ്പോൾ കരിങ്കൊടി സമരം നടത്തിയവർ മോദിക്കെതിരെ കരിങ്കൊടി സമരം നടത്തുമോ? ബി.ജെ.പിയാണ് പ്രധാന ശത്രുവെങ്കിൽ എൽ.ഡി.എഫിനെതിരെയുള്ള ചാവേർ സമരം പിൻവലിച്ച് മോദിക്കെതിരെ കരിങ്കൊടി ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.