പാലായില്‍ കേരളാ കോണ്‍ഗ്രസിന് കീഴടങ്ങി സിപിഎം
CPM surrenders to Kerala Congress in Pala
കേരളാകോണ്‍ഗ്രസ് എതിര്‍പ്പിനെ തുടര്‍ന്ന് പാലാ ഗരസഭാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ബിനു പുളിക്കക്കണ്ടത്തെ ഒവിവാക്കി. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ച ജോസിന്‍ ബിനോയാണ് പുതിയ നഗരസഭാ ചെയര്‍പേഴ്‌സണ്‍. 7നെതിരെ 17 വോട്ടിനായിരുന്നു ജോസിനിന്റെ ജയം. ജോസ് കെ മാണിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച ബിനു തുറന്നകത്തും പുറത്തുവിട്ടു. പാലാ നഗരസഭയില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് തന്റെ പേര് കേരള കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മാറ്റിയതില്‍ പ്രതിഷേധമറിയിച്ച ബിനു പുളിക്കക്കണ്ടം, തന്നെ ചതിച്ചതാണെന്ന് നഗരസഭയിലെ കൗണ്‍സില്‍ യോഗത്തില്‍ പ്രസംഗിച്ചു. അണികളെ ബോധ്യപ്പെടുത്താനെങ്കിലും പാര്‍ട്ടി ഈ ചതിക്ക് കൂട്ടുനില്‍ക്കരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചതിയുടെ ദിവസമാണിതെന്നും തെറ്റായ കീഴ്വഴക്കങ്ങളിലൂടെ ഉണ്ടായ തീരുമാനമാണ് ജോസിന്‍ ബിനോയുടെ ചെയര്‍മാന്‍ സ്ഥാനമെന്നും പറഞ്ഞ അദ്ദേഹം, തോറ്റ ജോസ് കെ മാണി ഇനി പാലായില്‍ മല്‍സരിക്കേണ്ടെന്ന് സി പി എം നാളെ പറഞ്ഞാല്‍ എന്ത് ചെയ്യുമെന്ന ചോദ്യവും അദ്ദേഹം ചോദിച്ചു. പത്രക്കാരോട് ഒന്ന് പറയുകയും മറിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ഹിജഡകള്‍ക്കുള്ള മറുപടിയാകും ഇനി തന്റെ രാഷ്ട്രീയ പ്രവര്‍ത്തനമെന്നും ബിനു വ്യക്തമാക്കി. കേരള കോണ്‍ഗ്രസിന്റെ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് മുന്നിലാണ് ജോസിനെ വിമര്‍ശിച്ച് ബിനു പ്രസംഗിച്ചത്. ജോസ് കെ മാണിയുടെ ഇടപെടലാണ് തന്റെ ചെയര്‍മാന്‍ സ്ഥാനം ഇല്ലാതാക്കിയത്. ജോസിന് വൈരാഗ്യം വരുന്ന കാര്യങ്ങളൊന്നും താന്‍ ചെയ്തിട്ടില്ല. കലഹത്തിന്റെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയമാണ് അദ്ദേഹത്തിന്റേത്. ജോസിന്റെ സ്വഭാവ വൈകല്യം സി പി എം മനസിലാക്കിയതു കൊണ്ടാണ് വിട്ടുവീഴ്ച ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 'മോഹങ്ങള്‍ ഉണ്ടായിരുന്നു പക്ഷേ മോഹഭംഗമില്ല' എന്ന തലക്കെട്ടോടെ കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണിക്ക് തുറന്നകത്തും ബിനു പുളിക്കക്കണ്ടം പുറത്തുവിട്ടു. പാലായുടെ ആരാധ്യനായ നേതാവ് കെ എം മാണി സാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചുമരുകളില്‍ പോസ്റ്റര്‍ ഒട്ടിക്കുമ്പോള്‍ ആണ് കാര്‍ സ്വയം ഡ്രൈവ് ചെയ്ത് കത്തീഡ്രല്‍ പള്ളിയിലേക്ക് പോകുന്ന ജോസ് കെമാണിയെ താനാദ്യം കാണുന്നതെന്ന് വ്യക്തമാക്കിയ ബിനു ഒട്ടേറ പ്രസക്തമായ വസ്തുതകള്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രിയ സഹപ്രവര്‍ത്തകന്റെ മകന്‍ എന്ന വാത്സല്യവും, ചെറുപ്പക്കാരനായ പൊതുപ്രവര്‍ത്തകന്‍ എന്ന പരിഗണനയും, ഒരേ ചേരിയില്‍ നിന്ന് പിന്തുണയ്ക്കുമ്പോഴും, മറുചേരിയില്‍ നിന്ന് കലഹിക്കുമ്പോഴും മാണിസാര്‍ തനിക്ക് തന്നിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയം ഒരിക്കലും പ്രതികാരത്തിന്റെയോ, പകയുടെയോ, വിദ്വേഷത്തിന്റെയോ, അസഹിഷ്ണുതയുടെയോ ആയിരുന്നില്ല. തന്നിലേക്ക് സ്വാഭാവികമായി വന്നുചേരുമെന്ന് താനും തന്റെ പ്രസ്ഥാനവും, പാര്‍ട്ടിയിലെ ആയിരക്കണക്കിന് സഖാക്കളും കരുതിയ അംഗീകാരം - നഗരസഭ അധ്യക്ഷ പദവി , അസഹിഷ്ണുതയുടെ രാഷ്ട്രീയത്തിനിരയായി തനിക്ക് നഷ്ടപ്പെട്ട ദിവസം പാലായുടെ രാഷ്ട്രീയ ചരിത്രത്തില്‍ ഒരു കറുത്ത ദിനമായി' രേഖപ്പെടുത്തും. അടുത്ത ഒരു കൊല്ലം കഴിയുമ്പോള്‍ ചെയര്‍മാന്‍ സ്ഥാനം വീണ്ടും കേരള കോണ്‍ഗ്രസിലേക്കെത്തുമ്പോള്‍ അന്ന് നിങ്ങളുടെ ചെയര്‍മാന്‍ ആരാവണമെന്ന് ഞങ്ങള്‍ക്ക് പറയാന്‍ അവകാശം ഉണ്ടോ എന്ന ചോദ്യവും കത്തില്‍ ബിനു ഉന്നയിച്ചു. ജനം തിരസ്‌കരിച്ചതിനാല്‍ ജോസ് കെമാണിക്ക് നഷ്ടപ്പെട്ട രാഷ്ട്രീയ സൗഭാഗ്യങ്ങള്‍ ഭാവിയില്‍ ലഭ്യമാക്കുവാന്‍ പൊതുപ്രവര്‍ത്തനത്തിനായി നീക്കിവെക്കുന്ന സമയത്തിന്റെ ഒരു വിഹിതം ഇന്നുമുതല്‍ താന്‍ സമര്‍പ്പിക്കുകയാണെന്നും ബിനു കത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതേസമയം പാര്‍ട്ടി തീരുമാനം സന്തോഷത്തോടെ സ്വീകരിക്കുന്നെന്നും എന്നാല്‍ ബിനു പുളിക്കക്കണ്ടം തന്നെയാണ് തങ്ങളുടെ നേതാവെന്നും പാലാ നഗരസഭാ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ സ്വതന്ത്ര ജോസിന്‍ ബിനോ പറഞ്ഞു. ബിനു പുളിക്കക്കണ്ടെത്തെ ചെയര്‍മാനാക്കാനുള്ള സിപിഎം നീക്കം കേരള കോണ്‍ഗ്രസ് എതിര്‍ത്തതിനെ തുടര്‍ന്നാണ് ജോസിന്‍ ബിനോയ്ക്ക് നറുക്ക് വീണത്. കഴിഞ്ഞ രണ്ടുവര്‍ഷമായി കേരളാ കോണ്‍ഗ്രസിലെ ആന്റോ പടിഞ്ഞാറേക്കരയായിരുന്നു നഗരസഭാ ചെയര്‍മാന്‍. ഇദ്ദേഹം രാജിവച്ച ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പായിരുന്നു ഇത്. വ്യവസ്ഥ പ്രകാരം ആദ്യ രണ്ടു വര്‍ഷവും അവസാന രണ്ടു വര്‍ഷവും കേരളാ കോണ്‍ഗസ് എമ്മിനും ഒരുവര്‍ഷം സിപിഎമ്മിനുമാണ് ചെയര്‍മാന്‍ പദവി.