കത്ത് നൽകിയിട്ടില്ലെന്ന് മേയർ വ്യക്തമാക്കി, പിൻവാതിലിലൂടെ പാർട്ടിക്കാരെ തിരികി കയറ്റുന്ന നിലപാട് സിപിഎമ്മിന് ഇല്ല; എം വി ഗോവിന്ദൻ
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിയമനങ്ങളില്‍ ആളെ നിയമിക്കുന്നതിന് സിപിഎം ജില്ലാ സെക്രട്ടറിയോട് അഭ്യര്‍ത്ഥിച്ച് കത്തെഴുതിയെന്ന വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കത്ത് നല്‍കിയിട്ടില്ലെന്ന് മേയര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആ കത്ത് എങ്ങനെയാണ് രൂപപ്പെട്ടത് എന്നത് സംബന്ധിച്ച് നിയമപരമായ നിലപാട് സ്വീകരിക്കുമെന്ന് അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്. അതില്‍ ഇടപെടേണ്ട കാര്യമില്ല.
കോര്‍പ്പറേഷനും വിശദീകരണം നല്‍കിയിട്ടുണ്ട്. ജില്ലാ സെക്രട്ടറിക്ക് കത്ത് കിട്ടിയിട്ടില്ല. ആവശ്യമായ പരിശോധന നടക്കട്ടേ. മുഖ്യമന്ത്രിയോട് പറഞ്ഞാല്‍ തന്നെ ആഭ്യന്തരവകുപ്പ് മന്ത്രി എന്ന നിലയില്‍ പരിശോധന നടത്താം. പിൻവാതിലിലൂടെ പാര്‍ട്ടിക്കാരെ തിരികി കയറ്റുന്ന നിലപാട് ഞങ്ങള്‍ സ്വീകരിക്കുന്നില്ല. അര്‍ഹതയുള്ളവര്‍ വന്നോട്ടെയെന്നാണ് കരുതുന്നത്. വലിയ പ്രചാരണങ്ങള്‍ സിപിഎമ്മിനും ഇടതുപക്ഷത്തിനും എതിരെ നടക്കുന്നുണ്ട്.
ബിജെപി പലതും പറയും. അവര്‍ ഗവര്‍ണറെ കാണട്ടേ. അതോടെ ആ പ്രശ്നം ഇല്ലാതാകും. 295 ആളെയും നിയമിക്കുന്നതിന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിതന്നെയായിരിക്കുമെന്ന് മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. സിപിഎമ്മുകാരെ ജോലിയില്‍ തിരികി കയറ്റുന്നതിന് വേണ്ടി ജില്ലാ കമ്മിറ്റിക്കോ സംസ്ഥാന കമ്മിറ്റിക്കോ കത്തെഴുതുന്ന സംവിധാനം പാര്‍ട്ടിയില്‍ ഇല്ല.- ഗോവിന്ദന്‍ പറഞ്ഞു.