യുഎസിൽ പന്നിവൃക്ക സ്വീകരിച്ച റിച്ചാർഡ് ആശുപത്രി വിട്ടു
പന്നിവൃക്ക സ്വീകരിച്ച് 62കാരൻ ആശുപത്രി വിട്ടു. യുഎസിലെ മസാച്യൂസെറ്റ്സ് സ്വദേശി റിച്ചാർഡ് സ്ലേമാൻ ആണ് പന്നിവൃക്ക സ്വീകരിച്ചത്. മസാചുസെറ്റ്സിലെ ജനറൽ ആശുപത്രിയിലായിരുന്നു നിർണായകമായ മാറ്റിവെക്കൽ ശസ്ത്രക്രിയ. മാര്‍ച്ച് 16നായിരുന്നു ശസ്ത്രക്രിയ. മാറ്റിവെച്ച വൃക്കയെ ശരീരം പുറന്തള്ളാതിരിക്കാനുള്ള മരുന്നുകൾ കഴിച്ച് റിച്ചാർഡ് സ്ലേമാൻ ഇത്രയും ദിവസം വിശ്രമിക്കുകയായിരുന്നു.
മസാച്യുസെറ്റ്സിലുള്ള ബയോടെക് കമ്പനിയായ ഇജെനസിസാണ് ജനിതക മാറ്റം വരുത്തിയ പന്നി വൃക്ക മാറ്റിവെക്കലിനായി നൽകിയത്. നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് വൃക്ക മാറ്റിവെച്ചത്. ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞിട്ടും അദ്ദേഹത്തിന് ഡയാലിസിസ് ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിൽ ഒന്നാണ് ഇതെന്ന് റിച്ചാർഡ് സ്ലേമാൻ പറഞ്ഞു. ചരിത്രപരമായ ട്രാൻസ്പ്ലാൻറിന് മുമ്പും ശേഷവും എന്നെ പരിചരിച്ച മസാച്യുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിലെ എല്ലാവരോടും നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പന്നികളിൽ കാണപ്പെടുന്ന, മനുഷ്യർക്ക് ഉപദ്രവമാകുന്ന ജീനുകൾ ജീനോം എഡിറ്റിങ്ങിലൂടെ നീക്കം ചെയ്ത്, പകരം മനുഷ്യരിലെ ജീനുകൾ കൂട്ടിച്ചേർത്താണ് വൃക്ക ശസ്ത്രക്രിയക്കായി ഒരുക്കിയത്.
ടൈപ്പ് 2 പ്രമേഹം, രക്തസമ്മര്‍ദം എന്നിവ കാരണം സ്ലേമാന്‍റെ വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായിരുന്നു. 2018ൽ വൃക്ക മാറ്റിവെച്ച വ്യക്തിയാണ് സ്ലേമാൻ. അതും പ്രവർത്തന രഹിതമായതോടെയാണ് ജനിതക മാറ്റം വരുത്തിയ പന്നിവൃക്ക മാറ്റിവെക്കാൻ തീരുമാനിച്ചത്. നേരത്തെ മേരിലാൻഡ് സർവകലാശാല രണ്ട് രോഗികളിൽ ജനിതക മാറ്റം വരുത്തിയ പന്നി വൃക്ക മാറ്റിവെച്ചിരുന്നു. എന്നാൽ രണ്ട് മാസം മാത്രമാണ് ഇരുവരും ജീവിച്ചത്. അന്ന് മസ്തിഷ്ക മരണം സംഭവിച്ചവരിലാണ് പന്നിവൃക്ക മാറ്റിവെച്ചത്.