നിലവാരമില്ലാത്ത മരുന്ന് കുടിച്ച് 300ൽപരം മരണം; അടിയന്തിര നടപടി സ്വീകരിക്കണം; ലോകാരോഗ്യസംഘടന
ചുമമരുന്നുകൾ കഴിച്ചതിനെത്തുടർന്ന് ഗാംബിയ, ഉസ്‌ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ കുട്ടികൾ മരിച്ച വാർത്ത പുറത്തുവന്നിരുന്നു. വിഷകരമായ ഘടകങ്ങൾ അടങ്ങിയതാണ് മരണകാരണമായതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ നിലവാരമില്ലാത്ത മരുന്നുകൾ അടിയന്തിരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ലോകാരോഗ്യസംഘടന. വിഷമയമായ കഫ് സിറപ്പുകൾ കഴിച്ച് വിവിധ രാജ്യങ്ങളിലായി മുന്നൂറിലധികം കുട്ടികൾ മരിച്ച സാഹചര്യത്തിലാണ് ലോകാരോഗ്യസംഘടനയുടെ ഇടപെടൽ.
വൃക്ക തകരാറിന് കാരണമാകുന്ന ഡയാത്തൈലീൻ ഗ്ലൈക്കോൾ, ഈതൈലീൻ ഗ്ലൈക്കോൾ എന്നിവ പല കഫ്‌സിറപ്പുകളിലും ഉയർന്ന അളവിൽ കണ്ടെത്തിയ നിരവധി സംഭവങ്ങളാണ് കഴിഞ്ഞ നാലുമാസത്തിനിടെ ഉണ്ടായതെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. എഞ്ചിനുകളിലെ കൂളിങ് ഏജന്റുകൾ, ബ്രേക് ഫ്‌ലൂയിഡ്, കോസ്‌മെറ്റിക് ഉത്പന്നങ്ങൾ, ലൂബ്രിക്കന്റുകൾ എന്നിവയിലെല്ലാം ഉപയോഗിക്കുന്ന ഈ കെമിക്കലുകൾ ചെറിയ അളവിൽ ശരീരത്തിലെത്തുന്നതു പോലും മരണകാരണമായേക്കാം എന്നും മരുന്നുകളിൽ ഇവ ഒരിക്കലും ഉണ്ടാകാൻ പാടില്ലെന്നും ലോകാരോഗ്യസംഘടന പറയുന്നു.
ഏഴോളം രാജ്യങ്ങളിലെ സ്ഥിതിവിശേഷം കണക്കിലെടുത്താണ് പുതിയ നടപടി. ഗാംബിയ, ഇൻഡൊനീഷ്യ, ഉസ്‌ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ കുട്ടികളുടെ മരണവും കാരണമായി. അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളാണ് മിക്കയിടത്തും ഇത്തരം കഫ്‌സിറപ്പ് കഴിച്ച് ഗുരുതരാവസ്ഥയിലേക്ക് എത്തിയതെന്നും ലോകാരോഗ്യസംഘടന പറയുന്നു. ഇതിനകം ഇന്ത്യയിലെയും ഇൻഡൊനീഷ്യയിലെയും ആറോളം മരുന്നു കമ്പനികളും സമാനരീതിയിൽ കഫ്‌സിറപ്പുകൾ ഉത്പാദിപ്പിക്കുന്നുണ്ടെന്നും ലോകാരോഗ്യസംഘടന കണ്ടെത്തിയിരുന്നു.