'ട്രംപിനെ നഗ്നനായി കണ്ടിട്ടുണ്ട്, എന്നെ ഭയപ്പെടുത്താനാവില്ല'; സ്റ്റോമി
യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഭയപ്പെടുന്നില്ലെന്ന് നടി സ്റ്റോമി ഡാനിയേൽസ്. ബന്ധം പുറത്തു പറയാതിരിക്കുന്നതിന് പോൺചിത്രങ്ങളിലെ നടിയായ സ്റ്റോമി ഡാനിയേൽസിനു പണം നൽകിയെന്ന കേസിൽ ട്രംപിനെതിരെ ന്യൂയോർക്ക് കോടതി കുറ്റം ചുമത്തിയതിനു പിന്നാലെയാണ് നടിയുടെ പ്രതികരണം.
ട്രംപിനെ നഗ്നനായി താൻ കണ്ടിട്ടുണ്ടെന്നും വസ്ത്രം ധരിച്ച അയാൾക്ക് അതിലപ്പുറം ഭയപ്പെടുത്താൻ കഴിയില്ലെന്നും ബ്രിട്ടിഷ് ദിനപത്രമായ 'ദ് ടൈംസ്'നു നൽകിയ അഭിമുഖത്തിൽ സ്റ്റോമി ഡാനിയേൽസ് പറഞ്ഞു. ഡോണൾഡ് ട്രംപിനെതിരെ മൊഴി നൽകുമോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.
ട്രംപ് ഇതിനകം കലാപത്തിനു പ്രേരിപ്പിച്ച് മരണവും നാശവും വരുത്തി കടന്നുകളഞ്ഞയാളാണെന്നു യുഎസ് കാപ്പിറ്റോൾ ആക്രമണത്തെ സൂചിപ്പിച്ച് സ്റ്റോമി ഡാനിയേൽസ് പറഞ്ഞു. ഇനിയുണ്ടാകാൻ പോകുന്ന കാര്യങ്ങൾ അത്തരത്തിലുള്ളതായിരിക്കുമെന്നും നടി അഭിപ്രായപ്പെട്ടു. "വിധി എന്തുതന്നെയായാലും അത് ആക്രമണത്തിനു കാരണമാകും. പരുക്കുകളും മരണവും ഉണ്ടാകും. ഇതുകൊണ്ട് ഒരുപാട് നല്ല കാര്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പക്ഷേ ഒരുപാട് മോശം കാര്യങ്ങളും ഉണ്ടാകും.''– അവർ പറഞ്ഞു.
ട്രംപിനെതിരായ ആരോപണങ്ങളും തുടർന്നുള്ള കാര്യങ്ങളും പരസ്യമാക്കിയതിൽ ചിലപ്പോഴൊക്കെ തനിക്ക് ഖേഖം തോന്നാറുണ്ടെന്നു സ്റ്റോമി ഡാനിയേൽസ് തുറന്നു പറഞ്ഞു. ക്രിമിനൽ കേസിൽ കുറ്റം ചുമത്തപ്പെടുന്ന ആദ്യ യുഎസ് മുൻ പ്രസിഡന്റാണ് ട്രംപ്. ട്രംപിനോട് ഉടൻ കോടതിയിൽ കീഴടങ്ങാൻ മൻഹാറ്റൻ ഡിസ്ട്രിക്ട് അറ്റോർണി ആൽവിൻ ബ്രാഗ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
ട്രംപ് കുറ്റക്കാരനാണെന്നു വിധി വന്നതിനു പിന്നാലെ ''ആരും നിയമത്തിന് അതീതരല്ല'' എന്ന് സ്റ്റോമി ഡാനിയേൽസിന്റെ അഭിഭാഷകൻ ക്ലാർക്ക് ബ്രൂസ്റ്റർ പറഞ്ഞു. തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് അദ്ദേഹം ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു: "ഡോണൾഡ് ട്രംപിനെതിരായ കുറ്റാരോപണം സന്തോഷത്തിന് കാരണമല്ല. ജൂറിമാരുടെ കഠിനാധ്വാനവും മനഃസാക്ഷിയും മാനിക്കപ്പെടണം. ഇനി സത്യവും നീതിയും ജയിക്കട്ടെ. ആരും നിയമത്തിന് അതീതരല്ല."