'ബന്ദികളെ മോചിപ്പിക്കാതെ ഗാസയ്ക്ക് വൈദ്യുതിയോ വെള്ളമോ നൽകില്ല'; ഹമാസിന് അന്ത്യശാസനവുമായി ഇസ്രയേൽ
ഹമാസ് തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാതെ അടിസ്ഥാനവിഭവങ്ങളോ മാനുഷികമായ മറ്റു സഹായങ്ങളോ ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഗാസയ്ക്ക് അനുവദിക്കുകയില്ലെന്ന് ഊർജമന്ത്രി ഇസ്രയേൽ കാട്സ് മുന്നറിയിപ്പ് നൽകി.
ഇസ്രയേലിനുനേർക്ക് നടത്തിയ ആക്രമണത്തിനിടെയാണ് 150-ഓളം ഇസ്രയേലി പൗരരേയും വിദേശികളേയും ഇരട്ടപൗരത്വമുള്ളവരേയും ഹമാസ് ബലമായി കടത്തിക്കൊണ്ടുപോയത്. 'ഇസ്രയേലിൽ നിന്നുള്ള ബന്ദികൾ മടങ്ങിയെത്തുന്നതുവരെ ഗാസയിലെ ഒരു ഇലക്ട്രിക് സ്വിച്ച് പോലും ഓണാകില്ല, വെള്ളത്തിന്റെ ഒരു ടാപ്പ് പോലും തുറക്കില്ല, ഒരു ഇന്ധന ട്രക്ക് പോലും ഗാസയിലേക്ക് പ്രവേശിക്കില്ല', ഇസ്രയേൽ കാട്സ് പ്രസ്താവനയിൽ വ്യക്തമാക്കി.
ഹമാസിന്റെ ആക്രമണത്തിനുപിന്നാലെ ഗാസയ്ക്ക് നേരെ ഇസ്രയേൽ ശക്തമായ പ്രത്യാക്രമണം തുടരുകയാണ്. ഗാസയിലേക്കുള്ള വെള്ളം, ഇന്ധനം, വൈദ്യുതി തുടങ്ങിയവയുടെ വിതരണത്തിൽ ഉപരോധം ഏർപ്പെടുത്തുകയാണെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിരുന്നു. ഇന്ധനം തീർന്നതിനെ തുടർന്ന് പലസ്തീന്റെ ഏക താപനിലയം ബുധനാഴ്ച അടച്ചുപൂട്ടിയിരുന്നു.