'നിങ്ങൾ ഇന്ത്യക്കാരനായതിനാൽ വോട്ട് ചെയ്യില്ല'; വംശീയ പരാമർശത്തിൽ മറുപടിയുമായി വിവേക് രാമസ്വാമി
ഇന്ത്യൻ വംശജനും ശതകോടീശ്വരനുമായ വിവേക് രാമസ്വാമിക്കെതിരെ അധിക്ഷേപ പരാമർശവുമായി അമേരിക്കൻ എഴുത്തുകാരിയായ ആൻ കൗൾട്ടർ. വിവേക് രാമസ്വാമി പറഞ്ഞ പല കാര്യങ്ങളും താൻ അംഗീകരിക്കുന്നുണ്ടെന്നും എന്നാൽ അദ്ദേഹം ഇന്ത്യക്കാരനായതിനാൽ താൻ അദ്ദേഹത്തിന് വോട്ട് ചെയ്യില്ലെന്നുമായിരുന്നു ആൻ കൗൺട്ടറുടെ പരാമർശം.
വിവേക് രാമസ്വാമി അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുകയും റിപ്പബ്ലിക്കൻ ലീഡ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന് പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. നിങ്ങളോട് സംസാരിക്കാൻ കഴിഞ്ഞതിന് നന്ദി. അതൊരു നല്ല സംഭാഷണമായിരുന്നു. ഞാനും നിങ്ങളുടെ ഒരു ആരാധകനാണ്, അതിനാൽ ഞാൻ നിങ്ങളോട് വിയോജിക്കാൻ പോകുന്നു. അത് രസകരമായിരിക്കും. നിങ്ങളൊരു അമേരിക്കൻ കറുത്തവർഗ്ഗക്കാരൻ അല്ലാത്തതിനാൽ എനിക്ക് നിങ്ങളെ അങ്ങനെ പറയാൻ കഴിയും.
എന്നാൽ അവരെക്കുറിച്ച് അങ്ങനെ പറയാനാവില്ല, അത് അപകീർത്തികരമാണ്.-ആൻ കൗൾട്ടർ പറഞ്ഞു. നിങ്ങൾ പറഞ്ഞ പല കാര്യങ്ങളും ഞാൻ അംഗീകരിച്ചു. വാസ്തവത്തിൽ, നിങ്ങൾ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ മറ്റ് മിക്ക സ്ഥാനാർത്ഥികളേക്കാളും കൂടുതൽ, പക്ഷേ നിങ്ങൾ ഒരു ഇന്ത്യക്കാരനായതിനാൽ ഞാൻ നിങ്ങൾക്ക് വോട്ട് ചെയ്യുമായിരുന്നില്ല. ഞങ്ങൾ അതിലേക്ക് മടങ്ങിവരുമെന്നും അവർ കൂട്ടിച്ചേർത്തു.
ആൻ കൗൾട്ടറിന്റെ പരാമർശങ്ങളോട് പ്രതികരിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. വിവേക് രാമസ്വാമിക്കെതിരെയുള്ളത് വംശീയ വിവേചനമാണെന്ന് ആളുകൾ വിമർശിക്കുന്നുണ്ട്. അതേസമയം, വളരെ വംശീയ പരാമർശത്തോടും രാമസ്വാമി പ്രതികരിച്ചു. തൻ്റെ ചർമ്മത്തിൻ്റെ നിറമല്ല തൻ്റെ രാജ്യമായ യുഎസിനോടുള്ള തൻ്റെ വിശ്വസ്തതയെ നിർണ്ണയിക്കുന്നതെന്നായിരുന്നു വിവേക് രാമസ്വാമിയുടെ പ്രതികരണം.
സ്വന്തം രാജ്യത്തെ വെറുക്കുന്ന ഏഴാം തലമുറയിലെ അമേരിക്കക്കാരനെക്കാൾ ശക്തമായ വിശ്വസ്തത കുടിയേറ്റക്കാർക്കോ അവരുടെ കുട്ടികൾക്കോ ഉണ്ടായിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൾ തന്റെ പരാമർശത്തെ ന്യായീകരിക്കുകയാണ് ആൻ കൗൾട്ടർ വീണ്ടും ചെയ്തത്.
പാലക്കാട് നിന്നും അമ്പത് വര്‍ഷം മുമ്പേ അമേരിക്കയിലേക്ക് കുടിയേറിയതാണ് വിവേക് രാമസ്വാമിയുടെ മാതാപിതാക്കള്‍. അമേരിക്കയിലെ ഒഹായോയിലായിരുന്നു വിവേകിന്റെ ജനനം. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദം. ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റോവന്റ് സയന്‍സസിന്റെ സ്ഥാപകനും സ്‌ട്രൈവ് അസറ്റ് മാനേജ്‌മെന്റിന്റെ സഹസ്ഥാപകനുമാണ്.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വ മോഹത്തെക്കുറിച്ച് വിവേക് ആദ്യമായി പ്രഖ്യാപിച്ചത്. അമേരിക്ക സ്വത്വ പ്രതിസന്ധിയിലാണെന്നും സ്വത്വം തിരിച്ചുപിടിക്കാന്‍ താന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുവെന്നുമായിരുന്നു പ്രഖ്യാപനം. 2024 നവംബറിലാണ് അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ്. ട്രംപാണ് മത്സരിക്കുന്നതെങ്കില്‍ അദ്ദേഹത്തിന് കീഴില്‍ വൈസ് പ്രസിഡന്റായി മത്സരിക്കാനും തയ്യാറാണെന്ന് വിവേക് നേരത്തെ അറിയിച്ചിരുന്നു.