യമനിൽ യുദ്ധം അവസാനിച്ചു; പക്ഷേ സമാധാനം ഇനിയും അകലെയോ ?
എട്ട് വര്‍ഷം നീണ്ട കൊടുംമ്പിരി കൊണ്ട ആഭ്യന്തര യുദ്ധം യെമനിൽ അവസാനിച്ചെങ്കിലും സമാധാനത്തിലേക്കുള്ള പാത ഇനിയും ഏറെ അകലെയെന്ന് വേണം കരുതാൻ . സൗദി അറേബ്യയും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ അയവ് വന്നതോടെയാണ് യെമനിലും സമാധാനത്തിനുള്ള വഴിയൊരുങ്ങിയത്. 2014ല്‍ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ യെമന്‍ തലസ്ഥാനമായ സനാ പിടിച്ചെടുത്തതോടെയാണ് യെമന്‍ ഭരണനേതൃത്വം സൗദിയിലേക്ക് പലായനം ചെയ്തത്. ഇതിന് പിന്നാലെ 2015 ല്‍ ഹൂതി വിമതര്‍ക്കെതിരെ സൗദി സഖ്യസേന ആക്രമണം തുടങ്ങിയതോടെ യെമന്‍ ആഭ്യന്തരയുദ്ധത്തിലേക്ക് കടന്നു. എന്നാല്‍ സൗദിയും-ഇറാനും അനുനയത്തിലെത്തിയതോടെ ഇതിന്റെ ഗുണം യെമനിനും കിട്ടി. ഇതിന്റെ ഭാഗമായി ഈ വര്‍ഷം ഏപ്രിലില്‍, സൗദി നയതന്ത്ര പ്രതിനിധി സംഘം ഹൂതി വിമതരുമായി ചര്‍ച്ച നടത്തുകയും ഒത്തുതീര്‍പ്പിലെത്തുകയും ചെയ്തു.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തല്‍ കരാറിനൊപ്പം ഇരുപക്ഷവും ആറുമാസത്തെ പരസ്പര ഉടമ്പടിക്കും സമ്മതിച്ചു. ഇതോടൊപ്പം സന വിമാനത്താവളത്തിന്റെയും ഹൊദൈദ തുറമുഖത്തിന്റെയും ഉപരോധം ലഘൂകരിക്കണമെന്നും രാജ്യത്തിന്റെ എണ്ണ വരുമാനത്തില്‍ നിന്ന് ശമ്പളം നല്‍കണമെന്നും ഹൂതികള്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഉടമ്പടിയുടെ ഭാഗമായി തടവുകാരെ കൈമാറുകയും ചെയ്തു.
എന്നാല്‍ ഇപ്പോഴും കടുത്ത മാനുഷിക പ്രതിസന്ധിയാണ് യെമനിൽ നേരിട്ട് കൊണ്ടിരിക്കുന്നത്. യുദ്ധമുണ്ടാക്കിയ ദുരിതത്തിൽ നിന്ന് കരകയറുക എന്നത് യെമനികള്‍ക്ക് കടുത്ത വെല്ലുവിളിയാണ്. രാജ്യത്തെ 80% ആളുകള്‍ക്ക് (20 ദശലക്ഷത്തിലധികം) സഹായം ആവശ്യമാണ്. ഇതില്‍ ഏകദേശം ആറ് ദശലക്ഷം പേര്‍ പട്ടിണിയുടെ വക്കിലാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഉടമ്പടികള്‍ പരസ്പരം സമ്മതിച്ചെങ്കിലും ചില കടുംപിടുത്തങ്ങളാണ് യെമനിലെ സമാധാനം പൂര്‍ണ്ണതോതില്‍ എത്താത്തിന് പിന്നിലെ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
സായുധ സേനാംഗങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ശമ്പളം യെമനിലെ എണ്ണ വരുമാനത്തില്‍ നിന്നും സൗദി നല്‍കണം എന്നാണ് ഹൂതികള്‍ നിര്‍ബന്ധം പിടിക്കുന്നത്. എന്നാല്‍ തങ്ങളുടെ മുന്‍ ശത്രുക്കള്‍ക്ക് ധനസഹായം നല്‍കുന്നതിന് സൗദിക്ക് താത്പര്യമില്ല. പുനര്‍നിര്‍മ്മാണത്തിന് സംഭാവന നല്‍കുന്ന കാര്യം പരിഗണിക്കാന്‍ തയ്യാറാണെങ്കിലും യുദ്ധത്തിനുള്ള നഷ്ടപരിഹാരം എന്നതിനോട് സൗദി മുഖം തിരിക്കുകയാണ്.
രാജ്യത്ത് യുദ്ധം അവസാനിച്ചെങ്കിലും വിവിധ യെമന്‍ വിഭാഗങ്ങള്‍ തമ്മിലുള്ള മത്സരങ്ങളും പ്രാദേശിക ശക്തികളുടെ മത്സര താല്‍പ്പര്യങ്ങളും സമാധാനവും സ്ഥിരതയും ഇനിയും ഏറെ വിദൂരത്താണെന്ന് ഇത് വ്യക്തമാക്കുന്നു