ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം തകര്‍ന്നു; മരണം 85 ആയി
ദക്ഷിണ കൊറിയയില്‍ വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 85 ആയതായി ഔദ്യോഗിക റിപ്പോർട്ട്. ആറ് വിമാനജീവനക്കാരും 175 യാത്രക്കാരും ഉള്‍പ്പെടെ 181 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 179 പേർ മരിച്ചെന്നും രണ്ട് പേരെ മാത്രമേ രക്ഷിക്കാനായുള്ളൂ എന്നുമാണ് വാര്‍ത്താ ഏജന്‍സികള്‍ പറയുന്നത്. പിന്‍ഭാഗത്തുണ്ടായിരുന്ന രണ്ട് യാത്രക്കാരാണ് രക്ഷപെട്ടത്. മുവാൻ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെയാണ് അപകടം. ബാങ്കോക്കിൽ നിന്നെത്തിയ ജെജു എയർലൈൻസിന്‍റെ വിമാനമാണ് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ തകർന്നത്. ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം സിഗ്നൽ സംവിധാനത്തിലിടിച്ച് കത്തുകയായിരുന്നു. ബെല്ലി ലാൻഡിംഗ് നടത്തുന്നതിനിടെയായിരുന്നു അപകടം.
രക്ഷാപ്രവർത്തനം തുടരുകയാണ്. സാധ്യമായതെല്ലാം ചെയ്ത് പരമാവധി യാത്രക്കാരെ രക്ഷിക്കാൻ ആക്ടിംഗ് പ്രസിഡന്‍റ് ചോയ് സാങ്-മോക്ക് നിർദേശം നൽകി. വിമാനത്തിലെ തീ അണച്ചതായി അഗ്നിശമന സേന അധികൃതർ അറിയിച്ചു. അപകടത്തിന്‍റെ ദൃശ്യം പുറത്തുവന്നു. ഈ ആഴ്ചയിലെ രണ്ടാമത്തെ വിമാന ദുരന്തമാണിത്. നേരത്തെ അസർബൈജാനിൽ വിമാനം തകർന്നു വീണ് 38 പേരാണ് മരിച്ചത്.