പാകിസ്ഥാൻ അതിർത്തിയിൽ താലിബാൻ ആക്രമണം; ആറുപേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്
പാകിസ്ഥാൻ-അഫ്ഗാൻ അതിർത്തിയിൽ താലിബാൻ സൈന്യത്തിന്റെ ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടെന്ന് പാക് സൈനിക വൃത്തങ്ങൾ അറിയിച്ചു. ആറ് സിവിലിയന്മാരാണ് കൊല്ലപ്പെട്ടത്. 17 പേർക്ക് പരിക്കേറ്റു. കനത്ത വെടിവയ്പ്പിലും പീരങ്കി ഷെല്ലാക്രമണത്തിലുമാണ് ഇത്രയും പേർ കൊല്ലപ്പെട്ടത്. തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ചമൻ അതിർത്തിയിൽ പാകിസ്ഥാൻ സൈന്യം തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങൾ പറഞ്ഞു. ഇരുവിഭാഗവും ചർച്ച നടത്തിയ ശേഷം സ്ഥിതിഗതികൾ സാധാരണ നിലയിലായെന്നും കാണ്ഡഹാറിലെ അഫ്ഗാൻ ഉദ്യോഗസ്ഥൻ നൂർ അഹമ്മദ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. കൂടുതൽ വിവരങ്ങളൊന്നും അദ്ദേഹം പുറത്തുവന്നില്ല.
അഫ്ഗാൻ അതിർത്തി സേന സാധാരണ ജനങ്ങൾക്ക് നേരെ പീരങ്കികളും മോർട്ടാർ ഉൾപ്പെടെയുള്ള ആയുധങ്ങളും ഉപയോഗിച്ച് പ്രകോപനമൊന്നുമില്ലാതെ വെടിവെച്ചെന്ന് പാകിസഥാൻ ആരോപിച്ചു. സിവിലിയന്മാരെ ഒഴിവാക്കി പാകിസ്ഥാൻ സൈനികർ ഉചിതമായ മറുപടി നൽകിയെന്നും പാക് സൈന്യം പറഞ്ഞു. സംഭവം ആവർത്തിക്കാതിരിക്കാൻ കർശന നടപടി വേണമെന്ന് പാകിസ്ഥാൻ അഫ്ഗാനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ആഴ്ച അഫ്ഗാനിസ്ഥാനിൽ വീണ്ടും അധികാരത്തിലെത്തിയ ശേഷം ആദ്യ പരസ്യ വധ ശിക്ഷ താലിബാൻ നടപ്പാക്കിയിരുന്നു. കൊലപാതക കുറ്റത്തിൽ താജ്മിർ എന്ന യുവാവിനെയാണ് തൂക്കിലേറ്റിയത്. അഞ്ചുവർഷം മുമ്പ് മറ്റൊരാളെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് താജ്മിറിനെതിരായ കുറ്റം. ഫറാ പ്രവിശ്യയിലെ സ്പോർട്സ് സ്റ്റേഡിയത്തിൽ വച്ചാണ് വധ ശിക്ഷ നടപ്പിലാക്കിയത്. മേൽക്കോടതികളും ശിക്ഷ ശരിവച്ചതോടെയാണ് വധ ശിക്ഷ നടപ്പിലാക്കിയതെന്ന് താലിബാൻ വക്താവ് പറഞ്ഞു.