പ്രശസ്ത മാധ്യമ പ്രവർത്തകൻ ജോൺ പിൽജർ അന്തരിച്ചു
പ്രശസ്ത ആസ്‌ട്രേലിയൻ മാധ്യമപ്രവർത്തകനും സിനിമാ ഡോക്യുമെന്ററി നിർമാതാവും എഴുത്തുകാരനുമായ ജോൺ പിൽജർ അന്തരിച്ചു. അദ്ദേഹത്തിന്റെ കുടുംബമാണ് എക്‌സിലൂടെ മരണവിവരം അറിയിച്ചത്.
പടിഞ്ഞാറൻ രാജ്യങ്ങളുടെ വിദേശനയത്തിന്റെ ശക്തനായ വിമർശകനായിരുന്നു ജോൺ ജോൺ പിൽജർ. തദ്ദേശിയരായ ആസ്‌ട്രേലിയക്കാരോട് തന്റെ മാതൃരാജ്യം പെരുമാറുന്ന രീതിയോടും അദ്ദേഹത്തിന് എതിർപ്പുണ്ടായിരുന്നു. 1939ൽ സൗത്ത് വെയിൽസിലെ ബോണ്ടിയിൽ ജനിച്ച പിൽജർ 1960 മുതൽ ലണ്ടനിലാണ് താമസം. റോയിട്ടേഴ്‌സ്, ഡെയ്‌ലി മിറർ തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.
വിയറ്റ്‌നാം യുദ്ധം, കംബോഡിയയിലെ വംശഹത്യ, 1969-കളിലും 70-കളിലും അമേരിക്കയിലെ പ്രക്ഷുബ്ധമായ സാഹചര്യങ്ങളും അദ്ദേഹം റിപ്പോർട്ട് ചെയ്തിരുന്നു. സമീപകാലത്ത് വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചിനെ യു.എസ്, യു.കെ ഏജൻസികൾ വേട്ടയാടിയപ്പോൾ അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയവരിലും പിൽജർ ഉണ്ടായിരുന്നു.