Begin typing your search...

ഇസ്രയേല്‍ -ഹമാസ് വെടിനിര്‍ത്തല്‍; പലസ്തീനികളെ മോചിപ്പിച്ചു

ഇസ്രയേല്‍ -ഹമാസ് വെടിനിര്‍ത്തല്‍; പലസ്തീനികളെ മോചിപ്പിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇസ്രയേല്‍ -ഹമാസ് വെടിനിര്‍ത്തല്‍ ധാരണ പ്രകാരമുള്ള പലസ്തീനികളെ മോചിപ്പിച്ചതായി റിപ്പോർട്ട്. ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കിലെ ഒഫെര്‍ സൈനിക ജയിലിലുള്ള 90 പേരെയാണ് വിട്ടയച്ചത്. പ്രതീക്ഷിച്ചതിലും വൈകിയായിരുന്നു മോചനം. മോചനം പ്രതീക്ഷിച്ച് ജയില്‍ പരിസരത്തെത്തിയ തടവുകാരുടെ ബന്ധുക്കള്‍ക്ക് ഇവരെ എപ്പോള്‍ വിട്ടയക്കുമെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിരുന്നില്ല.

അതിനിടെ, ജയിലിന് പുറത്ത് തമ്പടിച്ചവരെ പിരിച്ചുവിടാന്‍ സുരക്ഷാ സേന ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. വെടിനിര്‍ത്തലിന്‍റെ ആദ്യ ദിവസം തന്നെ 90 പേരെയും മോചിപ്പിക്കുമെന്ന് ഇസ്രയേല്‍ ഉറപ്പ് നല്‍കിയിരുന്നു. അതേസമയം, ഹമാസ് മോചിപ്പിച്ച ഇസ്രയേലി വനിതാ തടവുകാര്‍ കുടുംബാംഗങ്ങളെ കണ്ടു.

15 മാസം നീണ്ടുനിന്ന ഏറ്റുമുട്ടലുകൾക്കാണ് ഇസ്രയേൽ - ഹമാസ് സമാധാന കരാറോടെ അവസാനമാകുന്നത്. ഒക്ടോബർ 7 ന് ഹമാസ് നടത്തിയ ആക്രമണത്തോടെ തുടങ്ങിയ സംഘർഷം മധ്യപൂർവേഷ്യയെ ആകെ അസ്ഥിരമാക്കി. യുദ്ധത്തിൽ പിഞ്ചുകുഞ്ഞുങ്ങളടക്കം ആയിരങ്ങൾക്കാണ് ജീവൻ നഷ്ടമായത്. അതിലും എത്രയോ ഇരട്ടി ആളുകൾക്ക് ജീവിതം തന്നെ ഇല്ലാതായി. 2023 ഒക്ടോബർ 7നായിരുന്നു ഇസ്രയേലിനെതിരെ ഹമാസ് സായുധ സംഘത്തിന്‍റെ ആക്രമണം. ലക്ഷ്യം പട്ടാളക്കാർ മാത്രമായിരുന്നില്ല, അവധി ദിവസം ആഘോഷിക്കുകയായിരുന്നവരെ ഹമാസ് നിർദ്ദയം കൊന്നൊടുക്കി. 1200ലധികം ഇസ്രായേലികളാണ് കൊല്ലപ്പെട്ടത്. 250ലേറെപ്പേർ ബന്ദികളാക്കപ്പെട്ടു. ചരിത്രത്തിലെങ്ങും ഇസ്രയേൽ അനുഭവിച്ചിട്ടില്ലാത്ത പ്രതിസന്ധി ഘട്ടമായിരുന്നു അത്. പേരുകേട്ട പ്രതിരോധ സംവിധാനം പോലും നിഷ്ഫലമായ മണിക്കൂറുകളായിരുന്നു.

ആദ്യം പകച്ചെങ്കിലും ഇസ്രയേൽ പ്രത്യാക്രമണം തുടങ്ങി. ഗാസ സിറ്റിയിൽ നിന്ന് ഒഴിഞ്ഞു പോവാൻ സാധാരണക്കാരോട് നെതന്യാഹു മുന്നറിയിപ്പ് നൽകി. പിന്നീടങ്ങോട്ടുള്ള ദിവസങ്ങൾ തുടർച്ചയായ ആക്രമണങ്ങളുടേതായിരുന്നു. ലക്ഷ്യം ഹമാസിന്‍റെ ഒളിത്താവളങ്ങളായിരുന്നെങ്കിലും കൊല്ലപ്പെട്ടവരിലധികവും സാധാരണക്കാരായിരുന്നു. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയടക്കം ആക്രമിക്കപ്പെട്ടു.

നവംബർ 21ന് ഏഴ് ദിവസത്തെ താൽകാലിക വെടിനിർത്തൽ ഉണ്ടായി. ബന്ദികളെ പരസ്പരം കൈമാറി. പക്ഷേ അതൊരു അർദ്ധവിരാമം മാത്രമായിരുന്നു. ഡിസംബർ ഒന്ന് മുതൽ ആക്രമണം പൂർവാധികം ശക്തമായി. തെക്കൻ ഗാസയിൽ കരയുദ്ധവും ഇസ്രായേൽ തുടങ്ങി. ജനുവരി ഒന്നിന് വടക്കൻ ഗാസയിൽ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ചെങ്കിലും ആക്രമണം പിന്നെയും തുടർന്നു. അന്താരാഷ്ട്ര നീതിന്യായ കോടതി ഇടപെട്ടെങ്കിലും അതുകൊണ്ടൊന്നും കാര്യമുണ്ടായില്ല. ഏപ്രിൽ ഒന്നിന് ഡമാസ്കസിലെ ഇറാൻ എംബസിയും ഇസ്രയേൽ ആക്രമിച്ചു. ഉന്നത സൈനിക ഉദ്യോഗസ്ഥനടക്കമുള്ളവർ കൊല്ലപ്പെട്ടു. മുന്നൂറോളം മിസൈലുകളും ഡ്രോണുകളും ഇസ്രായേലിലേക്ക് അയച്ചായിരുന്നു ഇറാന്‍റെ മറുപടി.

പ്രതീക്ഷിച്ച പോലെ അതിർത്തിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ, ഇസ്രയേൽ റഫയും ആക്രമിച്ചു. ലോകമെങ്ങു നിന്നും പ്രതിഷേധമുയർന്നു. ഗാസയുടെ പട്ടിണിയും വിശപ്പും ചർച്ചയായി. ജൂലൈ മാസത്തിന്‍റെ തുടക്കത്തോടെ ഖാൻ യൂനിസിൽ നിന്നും റഫയിൽ നിന്നും ഇസ്രായേൽ പിന്മാറ്റം തുടങ്ങി. പക്ഷേ ജൂലൈ 27ന് ഗോലൻ കുന്നുകളിൽ ഹിസ്ബുള്ള നടത്തിയ ആക്രമണത്തിൽ 12കുട്ടികൾ കൊല്ലപ്പെട്ടു. നാലാം ദിവസം ഹമാസിന്‍റെ തലച്ചോറായിരുന്ന ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ടു. ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാന്റെ സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുത്തു മണിക്കൂറുകൾക്കകമുള്ള ആക്രമണം ഇറാനുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു.

Sept. 17ന് ആശയവിനിമയത്തിന് ഹിസ്ബുല്ല ഉപയോഗിച്ചിരുന്ന ആയിരക്കണക്കിന് പേജറുകൾ ഒരേ സമയം പൊട്ടിത്തെറിച്ചു. ഹിസ്ബുല്ലയ്ക്ക് ഇസ്രയേലിന്‍റെ മറുപടി, തീർന്നില്ല. സെപ്തംബർ 28ന് ബെയ്റൂത്തിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല തലവൻ ഹസൻ നസ്റുല്ല കൊല്ലപ്പെട്ടു. Oct. 16. ഹമാസിനേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു യഹിയ സിൻവാറിന്‍റെ മരണം. ഒക്ടോബർ 7 ആക്രമണത്തിന്‍റെ സൂത്രധാരനും സിൻവാറായിരുന്നു. ഇതോടെ ഹമാസിന്റെ ഉന്നത നേതൃനിരയെ അപ്പാടെ ഇസ്രയേൽ ഇല്ലാതാക്കി. നവംബർ 21 ന് അന്താരാഷ്ട്ര നീതിന്യായക്കോടതി നെതന്യാഹുവിനായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. നവംബർ 27 ന് ഇസ്രായേലും ഹിസ്ബുല്ലയും വെടിനിർത്തൽ കരാറിലെത്തി. അന്ന് തന്നെ സിറിയയിലെ ബശാർ അൽ അസദ് ഭരണകൂടത്തെ വിമതർ അട്ടിമറിച്ചു.

ഡിസംബറിന്‍റെ തുടക്കം സമാധാനശ്രമങ്ങളുടേതായിരുന്നു. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഉൾപ്പെടെയുള്ളവർ ചർച്ചകൾക്ക് ശ്രമിച്ചുകൊണ്ടേയിരുന്നു. ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ കനത്ത വില നൽകേണ്ടി വരുമെന്ന് നിയുക്ത പ്രസിഡന്‍റ് ട്രംപ് ആവർത്തിച്ചു. ഇതിനിടയിലെല്ലാം ആക്രമണം തുടർന്നു കൊണ്ടിരുന്നു. 46000ലധികം പലസ്തീനികൾ കൊല്ലപ്പെട്ടു. ഒരു ലക്ഷത്തിലധികംപേർക്ക് പരിക്കേറ്റു. പക്ഷേ ചർച്ചകൾ തുടർന്നു. കൂടുതൽ മധ്യസ്ഥൻമാരുണ്ടായി.ഒടുവിൽ ജനുവരി 15ന്, 15 മാസങ്ങൾക്കിപ്പുറം ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിന് അംഗീകാരം ലഭിച്ചു. ഇന്ന് കരാർ പ്രാബല്യത്തിലും വന്നു.

WEB DESK
Next Story
Share it