2023ൽ ലോകത്തെ മൂന്നിലൊന്നു രാജ്യങ്ങളും സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലാകുമെന്ന് ഐഎംഎഫ്
2023ൽ ലോകത്തെ മൂന്നിലൊന്നു രാജ്യങ്ങളും സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലാകുമെന്ന് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) മേധാവി ക്രിസ്റ്റലീന ജോർജീവ. കഴിഞ്ഞ വർഷം യുഎസിലും യൂറോപ്യൻ യൂണിയനിലും ചൈനയിലുമുണ്ടായതിനേക്കാൾ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയായിരിക്കും ഉണ്ടാകാൻ പോകുന്നത്.
ചൈനയിലെ സ്ഥിതി അടുത്ത മാസങ്ങളിൽ ഗുരുതരമാകും. ചൈനയുടെ വളർച്ച നെഗറ്റീവ് ആയി മാറും. ഇതിന്റെ പരിണിതഫലമായി ആഗോളതലത്തിലെ വളർച്ചയും നെഗറ്റീവ് ആകാൻ സാധ്യതയുണ്ടെന്നും അവർ പറഞ്ഞു. യുക്രെയ്ൻ-റഷ്യ യുദ്ധം പത്തു മാസമായിട്ടും അവസാനിക്കാതെ നീണ്ടുപോകുന്നതും വിലക്കയറ്റവും പലിശനിരക്കിലെ വർധനവും കൊറോണ വൈറസ് വ്യാപനവും കണക്കിലെടുത്താണ് ക്രിസ്റ്റലീന ഇക്കാര്യം പറഞ്ഞത്. മാന്ദ്യം നേരിട്ട് ബാധിക്കാത്ത രാജ്യങ്ങളിലെ കോടിക്കണക്കിന് ആളുകളും ദുരിതത്തിലാകും. 2023ലെ വളർച്ചാ നിരക്ക് ഐഎംഎഫ് വെട്ടിക്കുറച്ചിരുന്നു. ആറ് ശതമാനമായിരുന്ന വളർച്ചാ നിരക്ക് 2021 3.2 ശതമാനമായും 2022ൽ 2.7 ശതമാനമായും കുറഞ്ഞിരുന്നു.