പാക്കിസ്ഥാനിൽ പാർലമെന്റ് പിരിച്ച് വിട്ട് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്; പൊതുതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു
പാക്കിസ്ഥാനിൽ പാർലമെന്റ് പിരിച്ചുവിട്ട് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. പൊതുതിരഞ്ഞെടുപ്പിന് വഴിയൊരുക്കുന്നതിനായാണ് പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം പാർലമെന്റ് പിരിച്ചുവിട്ടത്. ഇടക്കാല സർക്കാർ രൂപീകരിക്കാൻ പ്രസിഡന്റ് ആരിഫ് അൽവി നിലവിലെ സർക്കാരിനു മൂന്നു ദിവസം സമയം നൽകി. 90 ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷനും നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം തിരഞ്ഞെടുപ്പ് അടുത്ത വർഷത്തിൽ മാത്രമേ നടത്താനെ സാധിക്കൂ എന്നാണ് പിരിച്ചുവിട്ട സർക്കാർ അറിയിച്ചിരിക്കുന്നത്. സർക്കാരിനെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പാക്കിസ്ഥാൻ സൈന്യത്തിന്റെ ആസ്ഥാനം ഷഹബാസ് ഷരീഫ് സന്ദർശിച്ചു. കാലാവധി പൂർത്തിയാക്കുന്നതിന് 3 ദിവസം മുൻപേയാണ് പാർലമെന്റ് പിരിച്ച് വിട്ട് ഷഹബാസിന്റെ തന്ത്രപ്രധാനമായ നീക്കം. കാലാവധി തീരും മുൻപേ പാർലമെന്റ് പിരിച്ചുവിട്ടാൽ 90 ദിവസത്തിനകം പൊതുതിരഞ്ഞെടുപ്പു നടത്തിയാൽ മതി. കാലാവധി പൂർത്തിയാക്കിയ ശേഷമാണെങ്കിൽ അത് 60 ദിവസത്തിനകം നടത്തണം. പിടിഐ നേതാവും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ ജയിലിലായതിനാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കില്ല.