'അമേരിക്കയ്ക്ക് മാത്രമേ ഇസ്രയേലിനെ തടയാൻ കഴിയൂ' ; പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്
ഗാസയിലെ ആക്രമണം അവസാനിപ്പിക്കാൻ ഇസ്രയേലിനെ തടയാൻ കഴിയുന്ന ഏക ശക്തി അമേരിക്കയാണെന്ന് പലസ്തീൻ പ്രസിഡണ്ട് മഹ്‌മൂദ് അബ്ബാസ്. ഇസ്രയേലിനെ അംഗീകരിച്ചവർ പലസ്തീനേയും അംഗീകരിക്കണം. ജെറുസലേമും വെസ്റ്റ്ബാങ്കും ഗാസയും ചേരുന്ന പലസ്തീൻ രാഷ്ട്രം രൂപീകരിക്കാതെ പ്രശ്‌നപരിഹാരമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. റിയാദിൽ വേൾഡ് എകണോമിക് ഫോറത്തിലായിരുന്നു പ്രതികരണം.
അതേസമയം, ഗാസയിലെ ആക്രമണം ലോക സാമ്പത്തിക രംഗത്തെ ഗുരുതരമായി ബാധിച്ചേക്കുമെന്ന് സൗദി ധനകാര്യ മന്ത്രിയും ചൂണ്ടിക്കാട്ടി. ലോക സാമ്പത്തിക ഫോറത്തിന്റെ റിയാദ് എഡിഷന് സമാന്തരമായാണ് ഗാസ വിഷയത്തിൽ സൗദി യോഗങ്ങൾ സംഘടിപ്പിച്ചത്.
പലസ്തീൻ പ്രസിഡണ്ടിന് പുറമെ ഖത്തർ, യു.എ.ഇ, ജോർദാൻ, ഈജിപ്ത് വിദേശകാര്യ മന്ത്രിമാരും യോഗത്തിലുണ്ട്. നാളെ യു.എസ് സ്റ്റേറ്റ്‌സെക്രട്ടറി ആന്റണി ബ്ലിങ്കൻ റിയാദിലെത്തും. സൗദി കിരീടാവകാശിയുമായി ഗസ്സ വിഷയത്തിൽ കൂടിക്കാഴ്ചയുണ്ടാകുമെന്നാണ് വിവരം. ആറ് രാഷ്ട്രങ്ങളെ പങ്കെടുപ്പിച്ച് സൗദി വിദേശകാര്യ മന്ത്രി വിളിപ്പിച്ച യോഗം ഇന്നലെ രാത്രി നടത്തിയിരുന്നു. ഇന്ന് രാത്രിയും ചർച്ച തുടരും. ഗാസയിലെ റഫയിൽ ഇസ്രയേൽ ആക്രമണം തുടങ്ങാനാരിക്കെയാണ് റിയാദിൽ വേൾഡ് എകണോമിക് ഫോറം സമ്മേളനം നടക്കുന്നത്. ഫോറത്തിന് സമാന്തരമായി ഗാസ സമാധാന ചർച്ചകളും സജീവമാണ്.