വൈദ്യശാസ്ത്ര നൊബേൽ പങ്കിട്ട് കാതലിൻ കരികോയും ഡ്ര്യൂ വൈസ്മനും
2023ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പ്രഖ്യാപിച്ചു. കാതലിൻ കരികോ, ഡ്ര്യൂ വൈസ്മൻ എന്നിവർ പുരസ്‌കാരം പങ്കിട്ടു. കോവിഡ്-19 വാക്‌സിൻ ഗവേഷണത്തിനാണ് ഇവർ പുരസ്‌കാരത്തിന് അർഹരായത്. mRNA കോവിഡ് വാക്‌സിൻ വികസിപ്പിച്ചതിനു പിന്നിലുള്ള ഗവേഷണമാണ് ഇരുവരെയും പുരസ്‌കാരത്തിന് അർഹരാക്കിയത്. ഹംഗറിയിലെ സോൽനോക്കിൽ ജനിച്ച കാതലിൻ ഷീജ്ഡ് സർവകലാശാലയിൽ പ്രൊഫസറാണ്. പെൻസിൽവാനിയ സർവകലാശാലയിലെ പെരിൽമൻ സ്‌കൂൾ ഓഫ് മെഡിസിനിൽ അഡ്ജങ്ട് പ്രൊഫസറുമാണ്.
യു.എസിലെ മസാച്യുസെറ്റ്‌സ് സ്വദേശിയാണ് ഡ്ര്യൂ വൈസ്മൻ. നിലവിൽ വാക്‌സിൻ റിസർച്ചിൽ റോബർട്ട്‌സ് ഫാമിലി പ്രൊഫസറും പെൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആർ.എൻ.എ ഇനൊവേഷൻസിന്റെ ഡയരക്ടറുമാണ്. കോവിഡിനെതിരെ ഫലപ്രദമായ mRNA വാക്‌സിന്റെ നിർമാണത്തിൽ നിർണായകമായ ഗവേഷണങ്ങളാണ് ഇരുവരും നടത്തിയതെന്ന് പുരസ്‌കാര നിർണയ സമിതി അഭിപ്രായപ്പെട്ടു. ആധുനികകാലത്ത് മനുഷ്യരാശി നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിക്കിടെ അഭൂതപൂർവമായ വാക്‌സിൻ വികസിപ്പിച്ചതിൽ വലിയ സംഭാവന നൽകിയവരാണ് ഇവരെന്നും സമിതി വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടി.
സ്വർണ മെഡലും ഒരു മില്യൻ ഡോളറും(8.24 കോടി രൂപ) ആണ് ഇവർക്കു ലഭിക്കുക. ഡിസംബർ പത്തിന് ആൽഫ്രഡ് നൊബേലിന്റെ 1896-ാം മരണവാർഷികത്തിൽ സ്‌റ്റോക്ക്‌ഹോമിൽ നടക്കുന്ന ചടങ്ങിൽ സ്വീഡിഷ് രാജാവ് കാൾ 16-ാമൻ ഗുസ്താഫ് പുരസ്‌കാരം കൈമാറും.