ഞെട്ടിവിറയ്ക്കുന്ന വീഡിയോ | അന്യഗ്രഹജീവികളുടെ ഫോസിലുകൾ പ്രദർശിപ്പിച്ച് മെക്സിക്കോ; അവിശ്വസനീയം ..!
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തരത്തിലുള്ള നിരവധി സംഭവങ്ങൾ ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പക്ഷേ കാര്യമായ തെളിവുകളൊന്നും നിരത്താൻ കഴിഞ്ഞിരുന്നില്ല. യുഎസ് നേവി ചില വീഡിയോകൾ ഒരിക്കൽ പുറത്തുവിട്ടിരുന്നു. ഉയർന്ന ഉയരത്തിൽ യുദ്ധവിമാനങ്ങൾ പറത്തുമ്പോൾ സഞ്ചരിക്കുന്ന വിചിത്രവസ്തുക്കൾ ആകാശത്തു കണ്ടിട്ടുണ്ടെന്ന് പൈലറ്റുമാർ വെളിപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, എന്തുകൊണ്ടോ വിവിധ ഭരണകൂടങ്ങൾ ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ജനങ്ങളുമായി പങ്കുവച്ചിട്ടില്ല.
എന്നാൽ, കഴിഞ്ഞദിവസം മെക്സിക്കോയിൽ നടന്ന കോൺഗ്രസ് ലോകത്തിന്റെ ഉറക്കം കെടുത്തിയിരിക്കുകയാണ്. രണ്ട് അന്യഗ്രഹജീവികളുടെ ഫോസിലുകൾ പുറത്തുവിട്ടിരിക്കുകയാണ് ശാസ്ത്രജ്ഞർ. പെറുവിലെ കുസ്കോയിൽനിന്നാണ് 'അന്യഗ്രഹ ജഡങ്ങൾ' കണ്ടെടുത്തത്. ആയിരം വർഷം പഴക്കമുണ്ട് ഈ ഫോസിൽ അവശിഷ്ടങ്ങൾക്ക്.
അന്യഗ്രഹ ജീവികളുടെ അസ്തിത്വത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് മാധ്യമപ്രവർത്തകനും യുഫോളജി (UFOlogist)സ്റ്റുമായ ജെയ്മി മൗസാനാണു തുടക്കമിട്ടത്. മാത്രമല്ല, അന്യഗ്രഹജീവികളുടെ ഫോസിലൈസ് ചെയ്ത അവശിഷ്ടങ്ങൾ എന്ന് അവകാശപ്പെട്ട് രണ്ട് മൃതദേഹാവശിഷ്ടങ്ങൾ പൊതുജനങ്ങൾക്കു മുമ്പിൽ പ്രദർശിപ്പിക്കുകയും ചെയ്തു മൗസാൻ. അമേരിക്കൻസ് ഫോർ സേഫ് എയ്റോസ്പേസ് എക്സിക്യൂട്ടീവ് ഡയറക്ടറും മുൻ യുഎസ് നേവി പൈലറ്റുമായ റയാൻ ഗ്രേവ്സും കോൺഗ്രസിൽ സന്നിഹിതനായിരുന്നു.
സാൻ ലസാരോ ലെജിസ്ലേറ്റീവ് പാലസിൽ സത്യപ്രതിജ്ഞ ചെയ്തുകൊണ്ടാണ് ഈ അവശിഷ്ടങ്ങൾ നമ്മുടെ ഭൗമ പരിണാമത്തിന്റെ ഭഗമല്ലെന്ന് മൗസാൻ പ്രഖ്യാപിച്ചത്. "UFO (Unidentified Flying Object) കളും തിരിച്ചറിയപ്പെടാത്ത അസാധാരണ പ്രതിഭാസങ്ങളും കാണിക്കുന്ന നിരവധി വീഡിയോകളും പരിപാടിയിൽ കാണിച്ചു.
മൃതദേഹങ്ങളിൽ നിന്നുള്ള ഡിഎൻഎ സാമ്പിളുകളുടെ പരിശോധനാഫലം മറ്റ് ഡിഎൻഎ സാമ്പിളുകളുമായി താരതമ്യം ചെയ്യുമ്പോൾ 30 ശതമാനത്തിലധികം അജ്ഞാതമാണെന്ന് കണ്ടെത്തിയതായി മൗസൻ പറഞ്ഞു. മനുഷ്യേതര സാങ്കേതികവിദ്യയെയും മനുഷ്യേതര സ്ഥാപനങ്ങളെയും കുറിച്ച് അറിയാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ട്. നമ്മളെ വേർതിരിക്കുന്നതല്ല, മാനവികതയെ ഒന്നിപ്പിക്കുന്ന ഒരു വിഷയത്തെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. ഈ വിശാലമായ പ്രപഞ്ചത്തിൽ നമ്മൾ ഒറ്റയ്ക്കല്ല, ഈ യാഥാർഥ്യം ഉൾക്കൊള്ളണമെന്നും മൗസാൻ പറഞ്ഞു.
അതേസമയം, "അന്യഗ്രഹ" കണ്ടെത്തലുകളുടെ അവകാശവാദങ്ങളുമായി മൗസാൻ നേരത്തെയും രംഗത്തെത്തിയിട്ടുണ്ട്. പിന്നീട് മൗസാന്റെ വാദങ്ങൾ കപടമാണെന്ന് തെളിയിക്കപ്പെടുകയായിരുന്നു.
ഏതാനും മാസങ്ങൾക്കുമുമ്പ്, മുൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ ഡേവിഡ് ഗ്രുഷ്, അമേരിക്കയുടെ കൈവശം തകരാറുകൾ സംഭവിച്ചതോ, ഭാഗികമായി കേടുപറ്റിയതോ ആയ അന്യഗ്രഹ വാഹനങ്ങൾ ഉണ്ടെന്നു പറഞ്ഞിരുന്നു. അതു പൊതുജനങ്ങളിൽനിന്ന് രഹസ്യമായി സൂക്ഷിക്കുകയാണെന്നും ഗ്രുഷ് ആരോപിച്ചു.