ഇറാൻ-ഇസ്രായേൽ സംഘർഷം: ഇറാൻ പിടിച്ചെടുത്ത ഇസ്രയേലി കപ്പലിലെ ഇന്ത്യൻ ജീവനക്കാരെ നയതന്ത്ര ഉദ്യോഗസ്ഥർ ഇന്ന് കാണും
ഇറാൻ പിടിച്ചെടുത്ത ഇസ്രയേലി കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ഇന്ന് സന്ദർശിക്കും. ഇന്ത്യക്കാരായ ജീവനക്കാരെ കാണാൻ ഇന്ത്യൻ ഉദ്യോഗസ്ഥരെ അനുവദിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു.
കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി നടത്തിയ ഫോൺ സംഭാഷണത്തിന് ശേഷമാണ് ഇറാൻ വിദേശകാര്യമന്ത്രി അമീർ അബ്ദുള്ളഹിയാൻ ഇക്കാര്യത്തിൽ ഉറപ്പുനൽകിയത്. ഇതിന് തുടർച്ചയായിട്ടാണ് ഇന്ത്യൻ ഉദ്യോഗസ്ഥരുടെ കപ്പലിലേക്കുള്ള സന്ദർശനം.
ഇറാൻ പിടിച്ചെടുത്ത എംഎസ്‌സി ഏരീസ് എന്ന കപ്പലിൽ 17 ഇന്ത്യക്കാർ ഉണ്ടെന്ന് ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു. കപ്പലിലെ ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണ് എന്ന് നേരത്തെ തന്നെ ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ചട്ടങ്ങൾ ലംഘിച്ചതിനാൽ ആണ് കപ്പൽ പിടിച്ചെടുത്തത് എന്നും ഇറാൻ അറിയിച്ചിരുന്നു.
ഇറാന്റെ റെവല്യൂഷണറി ഗാർഡുകൾ പിടിച്ചെടുത്ത ഇസ്രയേൽ അഫിലിയേറ്റഡ് കണ്ടെയ്‌നർ കപ്പലിലെ 17 ഇന്ത്യക്കാരെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഹൊസൈൻ അമീർ അബ്ദുള്ളാഹിയാനുമായി സംസാരിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു.