അപൂർവം ഈ കണ്ടെത്തിൽ; കാരറ്റ് തോട്ടത്തിൽ നിന്ന് ലഭിച്ച ആഭരണങ്ങൾക്ക് 3,500ലേറെ വർഷം പഴക്കം
വടക്കുകിഴക്കൻ സ്വിറ്റ്സർലൻഡിലെ തുർഗൗ കന്‍റോണിലെ ഗുട്ടിംഗൻ എന്ന പട്ടണത്തിനു സമീപം വിളവെടുത്ത കാരറ്റ് പാടത്തുനിന്നു കണ്ടെത്തിയ ആഭരണങ്ങൾ ചരിത്രാന്വേഷികൾക്ക് അദ്ഭുതമായി. മെറ്റൽ ഡിറ്റക്‌ടറിസ്റ്റായ ഫ്രാൻസ് സാൻ ആണ് കാരറ്റ് പാടത്തുനിന്ന് വെങ്കലയുഗത്തിലെ ആഭരണങ്ങൾ കണ്ടെത്തിയത്. തുർഗൗ കന്‍റോൺ മേഖലയിൽ വർഷങ്ങളായി ഗവേഷണത്തിലേർപ്പെട്ടിരിക്കുകയാണ് സാൻ. നേരത്തെ നിരവധി വെങ്കല അലങ്കാര ഡിസ്കുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് മേഖലയിൽ കൂടുതൽ അന്വേഷണം സാൻ നടത്തുകയായിരുന്നു.
ഭൂവുടമയുടെ അനുമതിയോടെ, ഗവേഷകർ പുരാവസ്തുക്കൾ കണ്ടെത്തിയ മേഖലയിലെ മണ്ണുസഹിതം വെട്ടിയെടുക്കുകയായിരുന്നു. തുടർന്ന്, അടുത്തുള്ള നഗരമായ ഫ്രൗൺഫെൽഡിലുള്ള അവരുടെ ലാബിലേക്കു കൊണ്ടുപോയി. ശ്രദ്ധാപൂർവം അവർ മണ്ണിനുള്ളിൽ ആഴ്ന്നുകിടന്ന വസ്തുക്കൾ പുറത്തെടുത്തു. വൃത്താകൃതിയിലുള്ള 14 വെങ്കലത്തകിടുകൾ, രണ്ട് മോതിരം, 100ലധികം ചെറിയ ആമ്പർ മുത്തുകൾ, സ്വർണം കൊണ്ടു നിർമിച്ച ചുരളുകളായുള്ള കന്പികൾ എന്നിവയാണു ലഭിച്ചത്. മുത്തുകൾക്ക് ഏകദേശം പിൻഹെഡുകളുടെ വലിപ്പമുണ്ടായിരുന്നു. പുരാവസ്തു ഗവേഷകർ ഓരോന്നും ട്വീസറുകൾ ഉപയോഗിച്ച് മണ്ണിൽനിന്ന് നീക്കം ചെയ്യുകയായിരുന്നു.
വൃത്താകൃതിയിലുള്ള വെങ്കലത്തകിടുകൾ ഒരു മാലയുടെ ഭാഗമായിരുന്നുവെന്നും കന്പിയിൽ കോർത്തിടാനുള്ള ഭാഗങ്ങൾ അതിനുണ്ടായിരുന്നതായും ഗവേഷകർ പറഞ്ഞു. ബിസി1500നടുത്ത് മധ്യ വെങ്കലയുഗത്തിൽ സാധാരണയായി ഉപയോഗിച്ചിരുന്ന ആഭരണങ്ങളാണ് ഇവയെന്ന് ഗവേഷകർ പറയുന്നു.
ആഭരണങ്ങൾക്ക് പുറമേ, ബീവർ പല്ല്, കരടി പല്ല്, ഫോസിലൈസ് ചെയ്ത സ്രാവിന്‍റെ പല്ല്, റോക്ക് ക്രിസ്റ്റൽ, വെങ്കല അമ്പടയാളം, ചെറിയ അമ്മോണൈറ്റ് എന്നിവ കണ്ടെടുത്തു. മാലയൊഴികെയുള്ളവ എന്തിനായി ഉപയോഗിച്ചുവെന്ന് സ്ഥിരീകരണമില്ല. 3,500 വർഷങ്ങൾക്ക് മുമ്പ് ആഭരണങ്ങൾക്കൊപ്പം മനഃപൂർവം കുഴിച്ചിട്ടതാണോ എന്നൊന്നും അവർക്ക് അറിയില്ല. എന്നിരുന്നാലും, ഈ ഇനങ്ങൾ "കൗതുകശേഖരം' ആയിരിക്കാമെന്ന് അവർ സംശയിക്കുന്നു.
ആഭരണങ്ങൾ കണ്ടെത്തിയ സ്ഥലത്ത് മനുഷ്യാവശിഷ്ടങ്ങളോ ശവക്കുഴിയുടെ തെളിവുകളോ കണ്ടെത്താനാകാത്തതിനാൽ, ഭരണിയിൽ ആരോ അടക്കം ചെയ്തതാണെന്നാണ് പുരാവസ്തു ഗവേഷകരുടെ നിഗമനം. ഇതു കാലക്രമേണ ചിതറിപ്പോകുകയായിരുന്നു. ഈ പുരാവസ്തുക്കൾ ധനികയായ സ്ത്രീയുടേതായിരുന്നു എന്ന് ഗവേഷകർ സംശയിക്കുന്നു.
കുറച്ച് വർഷം മുമ്പ്, ഗട്ടിംഗനിൽനിന്ന് വെങ്കലയുഗ വസ്തുക്കൾ കണ്ടെത്തിയിരുന്നു. ബിസി 1000ൽ നിർമിച്ച പൊയ്ക്കാലുകളുടെ അവശിഷ്ടങ്ങളാണ് ഗവേഷകർക്കു കണ്ടെത്താനായത്. സമീപ ആഴ്ചകളിൽ, യൂറോപ്പിലുടനീളം മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് നിരവധി കണ്ടെത്തലുകൾ നടത്തിയിരുന്നു. 1,000 വർഷം പഴക്കമുള്ള വസ്ത്രങ്ങൾ ഒതുക്കിക്കുത്തുന്നതിനുള്ള പിൻ, 1,800 വർഷം പഴക്കമുള്ള രണ്ട് റോമൻ കുതിരപ്പട വാളുകൾ തുടങ്ങിയവയാണ് കണ്ടെത്തിയത്.