ജപ്പാനിൽ ഒരു ദിവസമുണ്ടായത് 155 ഭൂചലനങ്ങള്‍; 13 മരണം
വടക്കൻ മദ്ധ്യ ജപ്പാനിൽ തിങ്കളാഴ്ച ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ 13 മരണം. തകർന്ന കെട്ടിടങ്ങിൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. മധ്യജപ്പാനിലെ ഹോൺഷു ദ്വീപിലെ തീരദേശ പ്രവിശ്യയായ ഇഷിക്കാവയിലാണ് റിക്ടർ സ്‌കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. തുടർന്ന് ഇഷികാവയിൽ 1.2 മീറ്റർ ഉയരത്തിൽ തിരയടിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
ഇഷിക്കാവയിലെ നോട്ടോ പ്രദേശമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഒരു ദിവസം കൊണ്ട് മാത്രം 155 ഭൂകമ്പങ്ങളാണ് രാജ്യത്ത് ഉണ്ടായത്. വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡാ പ്രതികരിച്ചു. പ്രാദേശിക സമയം 4.06ന് ആദ്യ ഭൂകമ്പം അനുഭവപ്പെട്ടത്. നാല് മിനിറ്റിന് ശേഷം കൂടുതൽ ശക്തമായി അടുത്ത ഭൂകമ്പമുണ്ടായി. ആദ്യത്തെ ഭൂകമ്പം റിക്ടർ സ്‌കെയിലിൽ 5.7 ആണ് രേഖപ്പെടുത്തിയത്. രണ്ടാമത്തേത് റിക്ടർ സ്‌കെയിലിൽ 7.6 രേഖപ്പെടുത്തി. എട്ട് മിനിറ്റിന് ശേഷം 6.1 തീവ്രതയിലും ഭൂകമ്പമുണ്ടായി. പിന്നീട് വിവിധ സമയങ്ങളിലായി തുടർ ഭൂചലനങ്ങൾ അനുഭവപ്പെടുകയായിരുന്നു.
ജപ്പാനിൽ നല്ല തണുത്ത കാലാവസ്ഥയാണിപ്പോൾ. വെള്ളം, ഭക്ഷണം, പുതപ്പുകൾ, ഇന്ധനം തുടങ്ങിയ അവശ്യ സാധനങ്ങൾ വിമാനങ്ങളോ കപ്പലുകളോ ഉപയോഗിച്ച് പ്രദേശത്തേക്ക് എത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡ അറിയിച്ചു. ലഭ്യമായ മാർഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം പ്രദേശത്തെത്താൻ രക്ഷാപ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.