'ഇസ്രായേൽ എടുക്കുന്ന ഏത് നടപടിക്കും ആനുപാതികമായ പ്രതികരണം നേരിടേണ്ടിവരും': ഇറാൻ ഉദ്യോഗസ്ഥർ
സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ഇസ്രായേല്‍ വ്യോമാക്രമണത്തിന് പിന്നാലെ ആക്രമണത്തോട് പ്രതികരിക്കാൻ തങ്ങൾ തയ്യാറാണെന്ന് ഇറാൻ ഉദ്യോഗസ്ഥർ പറഞ്ഞതായി ഇറാന്‍ വാർത്താ ഏജൻസിയായ തസ്നീം റിപ്പോർട്ട് ചെയ്തു. ഇസ്രായേലിന്‍റെ ഏത് ആക്രമണത്തിനും തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
ഇസ്രായേലിൻ്റെ ഏത് ആക്രമണത്തിനും മറുപടി നൽകാൻ ഇറാൻ തയ്യാറാണെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് തസ്നീം റിപ്പോർട്ട് ചെയ്യുന്നു. “ഇസ്രായേൽ എടുക്കുന്ന ഏത് നടപടിക്കും ആനുപാതികമായ പ്രതികരണം നേരിടേണ്ടിവരുമെന്നതിൽ സംശയമില്ല,” വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം ആക്രമണമുണ്ടായാല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ഇസ്രായേലി സൈന്യം ഇറാന് മുന്നറിയിപ്പ് നല്‍കി.
എന്നാല്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ പരിമിതമായ നാശനഷ്ടങ്ങളാണ് ഉണ്ടായതെന്ന് ഇറാന്‍ വ്യക്തമാക്കി. തങ്ങളുടെ രാജ്യത്തിനെതിരായ ഏത് നടപടിക്കും തിരിച്ചടി നൽകുമെന്ന് ഇറാൻ നേരത്തെ ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയിരുന്നു.
ഒക്ടോബര്‍ 1ന് ഇസ്രായേലിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് മറുപടിയായാണ് ശനിയാഴ്ച ആക്രമണം ഉണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് തെഹ്റാന് സമീപം നിരവധി സ്ഫോടനങ്ങളുണ്ടായതെന്ന് ഇറാനിയന്‍ സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഫോടനസമയത്ത് തെഹ്റാന്‍റെ ആകാശത്ത് റോക്കറ്റുകളോ വിമാനങ്ങളോ കണ്ടില്ലെന്ന് തസ്‍നീം വ്യക്തമാക്കുന്നു. തെഹ്‌റാൻ പരിസരത്ത് കേട്ട സ്‌ഫോടനങ്ങൾ വ്യോമ പ്രതിരോധ സംവിധാനം സജീവമാക്കിയത് കാരണമെന്ന് ഇറാനിയൻ സ്റ്റേറ്റ് ടിവി അവകാശപ്പെട്ടു. ഇറാന്‍റെ വ്യോമ പ്രതിരോധ സംവിധാനം ആക്രമണ ശ്രമങ്ങള്‍ തകര്‍ത്തായി ഇറാനിയന്‍ സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു.
സ്വയം പ്രതിരോധത്തിന്‍റെ ഭാഗമാണ് ആക്രമണമെന്നായിരുന്നു ഇസ്രായേലിന്‍റെ ന്യായീകരണം. ഐഡിഎഫ് വക്താവ് ഡാനിയേൽ ഹഗാരി ഇസ്രായേലി പൗരന്മാരോട് ജാഗ്രതയോടെ തുടരാന്‍ അഭ്യര്‍ഥിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും മറ്റ് ഉദ്യോഗസ്ഥരും ആക്രമണത്തിന് ശേഷമുള്ള സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. അതേസമയം, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറാൻ എല്ലാ വിമാന സർവീസുകളും നിർത്തിവച്ചു.