ഗാസയ്ക്കു മേലുള്ള അധിനിവേശം അബദ്ധമാകുമെന്ന മുന്നറിയിപ്പുമായി യു.എസ്. പ്രസിഡന്റ്
ഹമാസിനെതിരെ ഇസ്രയേലിന്റെ കരയുദ്ധം ഏതുനിമിഷവും പൊട്ടിപ്പുറപ്പെട്ടേക്കുമെന്ന സൂചനകളുയരുന്നതിനിടെ ഗാസയ്ക്കു മേലുള്ള അധിനിവേശം അബദ്ധമാകുമെന്ന മുന്നറിയിപ്പുമായി യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. ഗാസയിലേക്കുള്ള കടന്നുകയറ്റം ഇസ്രയേല്‍ ചെയ്യുന്ന വലിയ അബദ്ധമായിരിക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി.
ഗാസയിലെ കുടിവെള്ളവും ഭക്ഷണവും ഇന്ധനവുമുള്‍പ്പടെയുള്ള അവശ്യവസ്തുക്കളുടെ വിതരണം പുനഃസ്ഥാപിക്കാനുള്ള ഇടപെടല്‍ യു.എസിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും സി.ബി.എസ്. ന്യൂസിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ജോ ബൈഡന്‍ വ്യക്തമാക്കി. ഹമാസ് പ്രകടമാക്കുന്ന ഭീകരവാദത്തിന്റെ പേരില്‍ പലസ്തീനിലെ മുഴുവന്‍ ജനങ്ങളും ക്രൂശിക്കപ്പെടേണ്ടവരല്ലെന്ന് ബൈഡന്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ ഭീകരതയെ തുടച്ചുനീക്കേണ്ടത് അനിവാര്യതയാണെന്നും ബൈഡന്‍ പറഞ്ഞു. പലസ്തീന്‍ അതിര്‍ത്തിക്കുമേല്‍ ഇസ്രയേല്‍ അനിശ്ചിതകാലം ആധിപത്യമുറപ്പിക്കുന്നത് ശരിയായ പ്രവണതയല്ലെന്നും പലസ്തീന്‍ സ്വതന്ത്രരാഷ്ട്രമാകണമെന്നും ബൈഡന്‍ വ്യക്തമാക്കി.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഫോണില്‍ ചര്‍ച്ച നടത്തിയതിനു പിന്നാലെ ബൈഡന്‍ ഇസ്രയേല്‍ സന്ദര്‍ശനം നടത്താമെന്ന തീരുമാനം ബൈഡന്റെ പരിഗണനയിലുണ്ടെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു..