ഇസ്രയേൽ ആക്രമണം; ഗാസയിൽ മരണം 21,507: 85% ഭവനരഹിതർ
ഇസ്രയേൽ സേനയുടെ നിരന്തരമായ ആക്രമണത്തിൽ ഗാസയിലെ 23 ലക്ഷം താമസക്കാരിൽ 21 ലക്ഷവും ഭവനരഹിതരായി. കര, വ്യോമ ആക്രമണം രൂക്ഷമായി തുടരുന്നു. അഭയം തേടി പലായനം ചെയ്യുന്നവർ ടെന്റുകളിലും താൽക്കാലിക വസതികളിലും ദുരിതക്കയത്തിലാണ്. തെക്കൻ ഗാസ പട്ടണമായ റഫയിലാണ് അഭയാർഥികൾ ഏറെയും തടിച്ചുകൂടിയിരിക്കുന്നത്. ഇവിടെയും ആക്രമണമുണ്ടായി. ഭക്ഷണവും വെള്ളവും മരുന്നും ഇല്ലാതെ ഇവർ മരണത്തെ മുഖാമുഖം കാണുന്നു. മരിച്ചവരെ സംസ്കരിക്കുന്നതിനുള്ള വെള്ളത്തുണിയും മറ്റുമാണ് ഇപ്പോൾ ഗാസയിലേക്കെത്തുന്ന പ്രധാന സഹായം.
ഇന്നലെ 187 പേർ കൂടി കൊല്ലപ്പെട്ടതോടെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 21,507 ആയതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നുസീറിയത്തിൽ ഒറ്റ ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. പലയിടത്തും ബോംബിങ്ങിൽ തകർന്ന കെട്ടിടങ്ങൾക്കടിയിൽ നിന്നു മൃതദേഹങ്ങൾ വീണ്ടെടുത്തു സംസ്കരിക്കാൻ പോലുമാകാതെ രക്ഷാപ്രവർത്തകർ വലയുന്നു. ദേയിർ അൽ ബലാഹ് നഗരം ഏതാണ്ടു പൂർണമായി തകർന്നടിഞ്ഞു. ഇവിടെ 28 സ്ത്രീകൾ ഉൾപ്പെടെ 40 പേർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിൽ ഹമാസ് ശക്തമായ ചെറുത്തുനിൽപ് നടത്തുന്നുണ്ട്. മറ്റിടങ്ങളിൽ ഒറ്റപ്പെട്ട ചെറുത്തുനിൽപ് മാത്രം.
യുഎസ് ഉൾപ്പെടെ സുഹൃദ് രാജ്യങ്ങൾ നിരപരാധികൾ കൊല്ലപ്പെടുന്നത് തടയണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ടെങ്കിലും അവർ വഴങ്ങിയിട്ടില്ല. യുദ്ധത്തിന്റെ നിർണായക ഘട്ടമാണിതെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യൊവാവ് ഗാലന്റ് പറഞ്ഞു. ഇതേസമയം, ചെങ്കടലിലെ കപ്പലുകൾ ലക്ഷ്യമാക്കി യെമനിലെ ഹൂതി വിമതർ അയച്ച ഡ്രോണും മിസൈലും തകർത്തതായി യുഎസ് അറിയിച്ചു. ഹൂതികളെ സഹായിക്കുന്ന ഒരു സംഘടനയുടെ യുഎസിലെ ആസ്തികൾ മരവിപ്പിച്ചു. ശക്തമായ ഉപരോധവും ഏർപ്പെടുത്തി.