ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണം; അമേരിക്കയിലെ ക്യാപിറ്റോൾ ഹില്ലിൽ പ്ലക്കാർഡുമായി ജൂതർ
ഇസ്രയേൽ - ഹമാസ് യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ ക്യാപ്പിറ്റോൾ ഹില്ലിൽ പ്രതിഷേധം. സമാധാനത്തിന് ആഹ്വാനം ചെയ്യുന്ന പ്രതിഷേധത്തിൽ ജൂത വംശജർ പങ്കെടുത്തു. 'ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് ജൂതന്മാർ', 'ഞങ്ങളുടെ പേരിൽ വേണ്ട', 'ഗാസയെ ജീവിക്കാൻ അനുവദിക്കുക' എന്നെല്ലാമെഴുതിയ പ്ലക്കാർഡുകളുമായാണ് ജൂത വംശജർ പ്രതിഷേധത്തിൽ പങ്കെടുത്തത്. 'ജൂയിഷ് വോയിസ് ഫോർ പീസ്' എന്ന സംഘടനയാണ് പ്രധാനമായും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.
ആയിരക്കണക്കിന് പേരുടെ ജീവൻ അപഹരിച്ച യുദ്ധം തുടരുന്നതിനിടെ വെടിനിർത്തൽ വേണമെന്ന ആവശ്യവുമായാണ് ക്യാപിറ്റോൾ ഹില്ലിൽ ആൾക്കൂട്ടം തടിച്ചുകൂടിയത്. പ്രതിഷേധക്കാരിൽ ചിലർ കാനൺ ഹൗസ് ഓഫീസ് കെട്ടിടത്തിൽ പ്രവേശിച്ച് 'വെടിനിർത്തൽ' മുദ്രാവാക്യം മുഴക്കി. പ്രതിഷേധക്കാർ കറുത്ത വസ്ത്രം ധരിച്ചാണ് എത്തിയത്. മുന്നൂറോളം പ്രതിഷേധക്കാരെ ക്യാപിറ്റോൾ പൊലീസ് അറസ്റ്റ് ചെയ്തു- 'പ്രകടനം നിർത്താൻ ഞങ്ങൾ പ്രതിഷേധക്കാർക്ക് മുന്നറിയിപ്പ് നൽകി. അവർ അനുസരിക്കാൻ തയ്യാറായില്ല. ഇതോടെ അറസ്റ്റിലേക്ക് കടന്നു' എന്നാണ് ക്യാപിറ്റോൾ പൊലീസ് അറിയിച്ചത്. ക്യാപിറ്റോൾ ഹില്ലിലെ കെട്ടിടത്തിനുള്ളിൽ പ്രതിഷേധം അനുവദിക്കില്ലെന്ന് പൊലീസ് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കുറ്റം മൂന്ന് പേർക്കെതിരെ ചുമത്തിയെന്നും ക്യാപിറ്റോൾ പൊലീസ് അറിയിച്ചു.