അൽ അഖ്സ പള്ളിയിലേക്കുള്ള വഴി അടച്ച് ഇസ്രയേൽ; പ്രവേശനം ജൂതർക്ക് മാത്രം
അൽ അഖ്സ പള്ളിയിലേക്കുള്ള വഴികൾ ഇസ്രായേൽ അടച്ചു. ഒക്ടോബർ ഏഴിലെ ഹമാസിന്റെ ആക്രമണത്തിന് ശേഷം പള്ളിയിലേക്കുള്ള പ്രവേശനം ഇസ്രായേൽ നിയന്ത്രിച്ചിരുന്നു.പിന്നീട് പള്ളിയിലേക്കുള്ള മുസ്‍ലിംകളുടെ പ്രവേശനം തടയുകയും ചെയ്തു. ഇപ്പോൾ പള്ളിയുടെ അടുത്തേക്കെത്താനുള്ള വഴികളെല്ലാം ഇസ്രായേൽ അടച്ചിരിക്കുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്.
അധിനിവേശ വെസ്റ്റ്ബാങ്കിൽ പലയിടത്തും ഇത്തരത്തിൽ ഇസ്രായേൽ വഴി തടഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഏതാനം ആഴ്ചകളായി പള്ളിയിൽ മുസ്‍ലിം വിഭാഗത്തിന് ഇസ്രായേൽ പ്രവേശനം തടഞ്ഞതിനെ തുടർന്ന് സമീപത്തെ തെരുവുകളിൽ വിശ്വാസികൾ പ്രാർഥന നടത്തിയിരുന്നു. എന്നാൽ, വെള്ളിയാഴ്ച ദിവസമായ ഇന്ന് പ്രാർഥനക്ക് സാധ്യമാവാത്ത വിധമാണ് ഇസ്രായേലിന്റെ വഴിതടയൽ.
അതിനിടെ ഗാസയിലെ മരണം 7000 കവിഞ്ഞതായും ഇതിൽ മൂവായിരത്തിലധികം പേർ കുട്ടികളാണെന്നും പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗാസയിലെ താമസയോഗ്യമായ കെട്ടിടങ്ങളുടെ 45 ശതമാനവും ആക്രമണത്തിൽ തകർന്നു. 219 സ്കൂൾ കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു. 14 ലക്ഷം പേരാണ് അഭയാർഥികളായത്. ഇതുവരെ 101 ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിലെ 24 ആശുപത്രികൾ ഒഴിപ്പിച്ചിരിക്കുകയാണ്. 24 മണിക്കൂറിനിടെ ഇസ്രായേൽ യുദ്ധവിമാനങ്ങൾ 250 വ്യോമാക്രമണങ്ങളാണ് നടത്തിയത്. ഖാൻ യൂനുസിൽ നടത്തിയ വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു.