ഇറാനെതിരെ നടത്തിയ ആക്രമണം അവസാനിപ്പിച്ചതായി ഇസ്രായേൽ; യുദ്ധവിമാനങ്ങൾ പിൻവാങ്ങി
ഇറാനെതിരെ നടത്തിയ ആക്രമണം അവസാനിപ്പിച്ചതായി ഇസ്രായേൽ സൈന്യം. ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകിയെന്ന് ഇസ്രായേൽ സൈനിക വക്താവ് ഡാനിയേൽ ഹഗാരി വ്യക്തമാക്കി. വിഡിയോ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇറാനിൽ ആക്രമണം നടത്തിയ ശേഷം എല്ലാ യുദ്ധവിമാനങ്ങളും സുരക്ഷിതമായി ഇസ്രായേലിൽ തിരിച്ചെത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്കെതിരെ ഞങ്ങൾ കൃത്യമായ ആക്രമണങ്ങൾ നടത്തി, ഇസ്രായേലിനെതിരെയുള്ള ഭീഷണികൾക്കുള്ള മറുപടിയായിരുന്നു അത്. ഇറാൻ പ്രതികാര ആക്രമണം നടത്തിയാൽ പ്രതികരിക്കാൻ ഇസ്രായേൽ ബാധ്യസ്ഥരായിരിക്കുമെന്നും ഹഗാരി വ്യക്തമാക്കി. എന്നാൽ ഇറാനിൽ നടത്തിയ ആക്രമണങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടാൻ ഹഗാരി തയ്യാറായിട്ടില്ല. ഇറാനിലെ ഏതൊക്കെ കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്നും ഉപയോഗിച്ച ആയുധങ്ങളെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.
പ്രാദേശിക സമയം പുലർച്ചെ 2.15ഓടെയാണ് ഇസ്രായേൽ ആക്രമണമുണ്ടായത്. തെഹ്റാന്റെ വിവിധ ഭാഗങ്ങളിലും അൽബോർസ് പ്രവിശ്യയിലെ കറജ് നഗരത്തിലും സ്ഫോടനം നടന്നതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെഹ്റാന്റെ വടക്കു ഭാഗത്തുള്ള സആദത്ത് ആബാദിൽനിന്ന് പുക ഉയരുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.