മോദിയുടെ മോസ്കോ സന്ദർശനം പ്രതിരോധ മേഖലയിൽ വലിയ നേട്ടങ്ങളുണ്ടാക്കില്ല; യുഎസ് മുൻ വിദേശകാര്യ സെക്രട്ടറി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യാ സന്ദർശനവുമായി ബന്ധപ്പെട്ട ആശങ്ക തള്ളി യുഎസ് മുൻ വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസ്. എല്ലാ അഞ്ചുമിനിറ്റിലും ഇന്ത്യയോട് വിശ്വാസ പരിശോധന നടത്തണമെന്ന് ആവശ്യപ്പെടാനാകില്ലെന്ന് അവർ പറഞ്ഞു.
ഇൻഡസ് എക്‌സിൽ (ഇന്ത്യ-യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിഫൻസ് ആക്‌സിലറേഷൻ ഇക്കോസിസ്റ്റം) സംസാരിക്കുകയായിരുന്നു ഇവർ. ഇന്ത്യ–യുഎസ് ബന്ധത്തെ എന്നെന്നും നിലനിൽക്കുന്ന ഒന്നായാണ് അവർ വിശേഷിപ്പിച്ചത്. വൈറ്റ് ഹൗസിലേക്ക് ആര് വന്നാലും ബന്ധത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനാകുമെന്നും അവർ കൂട്ടിച്ചേർത്തു.
"രാജ്യങ്ങൾ, ഇന്ത്യ പറയുന്നതുപോലെ, തന്ത്രപരമായ സ്വയംഭരണം ആഗ്രഹിക്കുന്നു. അതിൽ ഒരു പ്രശ്നവുമില്ല. എന്നാൽ ശക്തമായ പങ്കാളിത്തത്തിലേക്ക് നയിക്കുന്നത് നമ്മുടെ (യുഎസിന്റെയും ഇന്ത്യയുടെയും) ആഴത്തിലുള്ള താൽപ്പര്യങ്ങളാണ്," റൈസ് പറഞ്ഞു. റഷ്യൻ സൈനികോപകരണങ്ങളെ ‘ജങ്ക്’ എന്നാണ് റൈസ് വിശേഷിപ്പിച്ചത്. മോദിയുടെ മോസ്കോ സന്ദർശനം പ്രതിരോധ മേഖലയിൽ വലിയ നേട്ടങ്ങളുണ്ടാക്കില്ലെന്നും അവർ അഭിപ്രായപ്പെട്ടു.
ഇന്ത്യയുമായുള്ള സൈനിക സഹകരണത്തിൽ യുഎസ് മെല്ലെപ്പോക്കിലാണ്. നിർണായകമായ സമയവും അവസരവും നഷ്ടപ്പെട്ടതായും വിലയിരുത്തി. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുട്ടിനും തമ്മിലുള്ള ബന്ധം മോദിക്ക് അറിയാവുന്നതാണ്. അത് ഇന്ത്യക്ക് ഒരുപക്ഷെ വലിയ വെല്ലുവിളി സൃഷ്ടിച്ചേക്കാം. ചൈന അമേരിക്കയുടെ വലിയ എതിരാളിയാണെന്ന് വിശേഷിപ്പിച്ച റൈസ്, സാഹചര്യം ശീതയുദ്ധത്തേക്കാൾ ഗുരുതരമാണെന്നും കൂട്ടിച്ചേർത്തു.
ജോർജ് ഡബ്ല്യു. ബുഷ് ഭരണകാലത്ത് ഇന്ത്യ-യുഎസ് സിവിൽ ആണവ കരാർ നടപ്പാക്കുന്നതിൽ റൈസിന്റെ പങ്ക് നിർണായകമായിരുന്നു. കഴിഞ്ഞ മൂന്നുമാസത്തിനുള്ളിലാണ് പ്രധാനമന്ത്രി റഷ്യയും യുക്രെയ്നും സന്ദർശിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം പരിഹരിച്ച് സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇന്ത്യയുടെ പിന്തുണ പ്രഖ്യാപിച്ചാണ് മോദി മടങ്ങിയത്.