ഭൂമി അഴിമതി കേസ്; ഇമ്രാൻ ഖാനും ഭാര്യയും പ്രതികൾ: 14 വർഷം തടവിന് ശിക്ഷിച്ച് കോടതി
190 മില്യൺ പൗണ്ട് സ്‌റ്റെർലിംഗ് ഭൂമി അഴിമതി കേസിൽ ഇമ്രാൻ ഖാന് 14 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ഇസ്ളാമാബാദിലെ അഴിമതി വിരുദ്ധ കോടതിയാണ് ഇമ്രാനും ഭാര്യ ബുഷ്‌റാ ബീബിയ്‌ക്കും അഴിമതി കേസിൽ തടവുശിക്ഷ വിധിച്ചത്. ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരിക്കെ യുകെയിൽ നിന്ന് ലഭിച്ച പണവും ഭൂമിയും രാജ്യത്തിന് ലഭിക്കാതെ തൊണ്ണൂറുകളിൽ അദ്ദേഹം സ്ഥാപിച്ച അൽ ഖാദിർ ട്രസ്‌റ്റിനായി ഉപയോഗിച്ചതാണ് അഴിമതി കേസ്.
14 വർഷം തടവിന് പുറമേ ഒരു മില്യൺ പാകിസ്ഥാനി രൂപയും ഇമ്രാന് ശിക്ഷലഭിച്ചു. ഭാര്യ ബുഷ്‌റ ബീബിയ്‌ക്ക് ഏഴ് വർഷം തടവും അഞ്ച് ലക്ഷം പാകിസ്ഥാനി രൂപയുമാണ് ശിക്ഷ കിട്ടിയത്. തെഹ്‌രീക് ഇ ഇൻസാഫ് തലവനായ ഇമ്രാനെ ശിക്ഷിക്കുന്ന നാലാമത് പ്രധാന കേസാണിത്.
പാകിസ്ഥാനിലെ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ ആണ് 2023 ഡിസംബറിൽ ഇമ്രാൻ ഖാനും(72) ഭാര്യ ബുഷ്‌റ ബീബിയ്‌ക്കും(50) മറ്റ് ആറുപേർക്കും എതിരെ കേസെടുത്തത്. ഇതിൽ മറ്റ് ആറുപേരും രാജ്യത്തിന് പുറത്തായതിനാൽ ഇമ്രാനും ഭാര്യയ്‌ക്കുമാണ് കേസിൽ ശിക്ഷ വിധിച്ചത്.
പാകിസ്ഥാനിലേക്ക് യുകെയിൽ നിന്ന് അയച്ച 50 ബില്യൺ രൂപ ഝലമിലെ അൽ ക്വാദിർ സർവകലാശാലയ്‌ക്കായി 458 കനാൽ ഭൂമി ഏറ്റെടുക്കാൻ ഇമ്രാനും ഭാര്യയും ഉപയോഗിച്ചു. ഇത് ദേശീയ ട്രഷറിയിലേക്ക് അടച്ചില്ല. അതിനാലാണ് ഇരുവർക്കുമെതിരെ കേസെടുത്തിരുന്നത്.