തോഷാഖാന അഴിമതി കേസിൽ ഇമ്രാൻ ഖാനും ഭാര്യയ്ക്കും 14 വർഷം തടവ്
പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും വീണ്ടും തിരിച്ചടി. തോഷഖാന കേസിൽ ഇമ്രാനും ഭാര്യക്കും 14 വർഷം തടവ് ശിക്ഷ വിധിച്ചു. ഇസ്ലാമാബാദ് കോടതിയുടേതാണ് വിധി.
കൂടാതെ ഇമ്രാന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് 10 വർഷം വിലക്കും 787 ദശലക്ഷം പാകിസ്ഥാനി രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഔദ്യോഗിക രഹസ്യം വെളിപ്പെടുത്തിയ കേസിൽ ഇന്നലെ 10 വർഷം തടവിനു ശിക്ഷിച്ചിരുന്നു.
മുൻ വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ് ഖുറേഷിക്കും പത്ത് വർഷം തടവുശിക്ഷ പാക് കോടതി വിധിച്ചിരുന്നു. രഹസ്യ സ്വഭാവമുള്ളതും രാജ്യരക്ഷയെ ബാധിക്കുന്നതുമായ രേഖകൾ പരസ്യമാക്കി എന്ന കേസിലായിരുന്നു ശിക്ഷ. ഫെബ്രുവരി എട്ടിന് പാകിസ്ഥാനിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇമ്രാന് തടവ് ശിക്ഷ കിട്ടുന്നത്.
ഇമ്രാന്റെ പാകിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് പാർട്ടിയുടെ നില തെരഞ്ഞെടുപ്പിൽ പരുങ്ങലിലാണ്. യുഎസ് എംബസി അയച്ച നയതന്ത്ര രേഖ 2022 മാർച്ചിൽ നടന്ന പാർട്ടി റാലിയിൽ ഇമ്രാൻ ഉയർത്തി കാട്ടിയിരുന്നു. ഈ രേഖ രഹസ്യ സ്വഭാവം ഉള്ളതായിരുന്നു എന്നതാണ് കേസിന്റെ അടിസ്ഥാനം. കഴിഞ്ഞ ഓഗസ്റ്റിൽ അറസ്റ്റിലായ ഇമ്രാൻ ഇപ്പോൾ ജയിലിലാണ്.